സംസ്ഥാനത്ത് ആകെ 2066 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുതി നിലയങ്ങളാണുള്ളത്. ഇതിൽനിന്ന് പ്രതിവർഷം 7200 മില്യൺ (720 കോടി) യൂനിറ്റോളം വൈദ്യുതിയാണ് ലഭിക്കേണ്ടത്. നല്ല തോതിൽ മഴ കിട്ടുന്ന വർഷങ്ങളിൽ അത് 9000-9500 മില്യൻ യൂനിറ്റുവരെ പോകാറുണ്ട്. കടുത്ത വരൾച്ചയിൽ 5000-6000 മില്യൻ യൂനിറ്റിലേക്ക് ഉൽപാദനം കുറയാറുമുണ്ട്.
പ്രതിസന്ധിയുടെ പേരിൽ പുറമെനിന്ന് അമിതവിലക്ക് കരാറില്ലാതെ വൈദ്യുതി വാങ്ങുന്നതു മൂലം പ്രതിദിനം എട്ടു മുതൽ 14 കോടി രൂപവരെയാണ് അധികച്ചലവ്. പ്രതിസന്ധി ഉണ്ടായശേഷം ഇടക്കാല കരാറിനായി ടെൻഡർ വിളിച്ചപ്പോൾ നേരത്തേ വാങ്ങിയിരുന്നതിന്റെ ഇരട്ടിവിലക്കുള്ള ടെൻഡറുകളാണ് കിട്ടിയത്. ഇതിന്റെയെല്ലാം ബാധ്യത നിരക്ക് വർധനയായും സെസ് ആയും ജനങ്ങൾ സഹിക്കേണ്ടിവരും.
രാത്രികാലങ്ങളിൽ രൂക്ഷമായ വൈദ്യുതിക്ഷാമം അനുഭവപ്പെടുമ്പോഴും പകൽസമയത്തെ വൈദ്യുതി ചെലവാക്കാനാകാതെ തിരിച്ചേൽപിക്കുകയാണ് കെ.എസ്.ഇ.ബി. കഴിഞ്ഞ നാലുവർഷത്തിനിടെ 6000 എം.യു (മില്യൺ യൂനിറ്റ് ) വൈദ്യുതിയാണ് കേന്ദ്ര സർക്കാറിന്റെ സെൻട്രൽ ജനറേറ്റിങ് സ്റ്റേഷനിലേക്ക് തിരിച്ചടച്ചതെന്ന് കേന്ദ്ര ഏജൻസിയായ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി വ്യവസായിക ഉപഭോഗം കുറവായതാണ് ഇതിന് കാരണം.
സംസ്ഥാനത്തിന്റെ മൊത്തം ആവശ്യകത പരിഗണിച്ച് ഊർജം വിലക്കുവാങ്ങുമ്പോൾ പലപ്പോഴും ഇത്
പരിഗണിക്കാറില്ലെന്നത് വലിയ നയവൈകല്യമാണെന്ന് ഊർജ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ കമ്പനികളിൽ നിന്നുൾപ്പെടെ പ്രതിദിനക്കണക്കിൽ വൈദ്യുതി വാങ്ങി, പകൽ സമയത്തെ വൈദ്യുതി തിരിച്ചേൽപിച്ച് വൈകുന്നേരങ്ങളിൽ വൈദ്യുതിക്കമ്മിയുടെ പേരിൽ മുറവിളി കൂട്ടുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഉൗർജ സ്വയംപര്യാപ്തതക്ക് ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിക്കേണ്ടതുണ്ട്. അതിനുള്ള പ്രധാന മാർഗം സൗരോർജം തന്നെയാണ്. നിലവിൽ കേരളത്തിലെ സൗരോർജ വൈദ്യുതി ഉൽപാദനശേഷി 1000 മെഗാവാട്ട് കടന്നിട്ടുണ്ട്.
അത് ഇനിയും വലിയതോതിൽ വർധിപ്പിക്കാൻ കഴിയും. ഒരു മെഗാവാട്ട് സൗരോർജ നിലയത്തിൽനിന്ന് ഒരു വർഷം ലഭിക്കുന്ന വൈദ്യുതി ഒന്നര രണ്ടു മില്യൺ യൂനിറ്റാണ്. ആ കണക്കുവെച്ചാൽ 2030ലെ നമ്മുടെ ഊർജാവശ്യകതയായ 60,000 മില്യൺ യൂണിറ്റ് വൈദ്യുതി പൂർണമായും സോളാർ നിലയങ്ങളിൽനിന്ന് ഉണ്ടാക്കാൻ തീരുമാനിച്ചാൽ അതിനുവേണ്ടി വരുന്ന ഉൽപാദനശേഷി ഇന്നത്തെ നിലക്ക് 30,000-40,000 മെഗാവാട്ട് വേണ്ടിവരും. ഇതിനുവേണ്ട സ്റ്റോറേജ് സാധ്യത നമുക്കില്ല. 2000 മെഗാവാട്ട് സ്റ്റോറേജ് സംവിധാനങ്ങൾ (അത് ബാറ്ററി സ്റ്റോറേജോ പമ്പ്ഡ് സ്റ്റോറേജോ ആകാം) ഒരുക്കിയുള്ള 4000-5000 മെഗാവാട്ട് സോളാർ നിലയങ്ങളാണ് കേരളത്തിൽ പ്രായോഗികം.
ജലവൈദ്യുതി സാധ്യതകൾ പരമാവധി ഉപയോഗിക്കുക എന്നതും സംസ്ഥാനത്തിന്റെ ആഭ്യന്തര വൈദ്യുതി ഉൽപാദനം കൂട്ടുന്നതിൽ പ്രധാനപ്പെട്ടതാണ്. പരിസ്ഥിതി പ്രശ്നങ്ങളെ ശാസ്ത്രീയമായി അഭിസംബോധനചെയ്ത് പ്രായോഗികമായി നടപ്പാക്കാൻ കഴിയുന്ന കുറഞ്ഞ 1500-2000 മെഗാവാട്ടിന്റെയെങ്കിലും സ്റ്റോറേജുള്ള ജലവൈദ്യുതി പദ്ധതികൾ കേരളത്തിൽ സാധ്യമാണെന്ന് ഊർജരംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.
2030ഓടെ ആകെ ആവശ്യമുള്ള അറുപതിനായിരം മില്യൺ യൂനിറ്റ് വൈദ്യുതിയിൽ സോളാർ നിലയങ്ങളുടെ സംഭാവനയായ 10,000 മില്യൺ യൂനിറ്റും ജലനിലയങ്ങളിൽനിന്ന് കിട്ടുന്ന 10,000 മില്യൺ യൂനിറ്റും കഴിച്ച് ബാക്കി 40,000 മില്യൺ യൂനിറ്റ് വൈദ്യുതി സംസ്ഥാനത്തിന് പുറത്തുനിന്ന് കൊണ്ടുവരുകയല്ലാതെ മറ്റു മാർഗങ്ങൾ നിലവിലില്ലെന്ന് ഇവർ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന് നിലവിൽ വൈദ്യുതി കിട്ടിക്കൊണ്ടിരിക്കുന്ന വൈദ്യുതിക്കരാറുകളിൽ ചിലത് 2030നുമുമ്പ് കാലാവധി തീരുന്നതാണ്.
രാജ്യത്തെ പഴയ നിലയങ്ങളിൽ ചിലത് പ്രവർത്തനം നിർത്താനും ഉദ്ദേശിക്കുന്നുണ്ട്. ഇവയെല്ലാം കണക്കിലെടുത്ത് നിർമാണത്തിലിരിക്കുന്നതും പുതുതായി വിഭാവനം ചെയ്തിട്ടുള്ളതുമായ വൈദ്യുതി പദ്ധതികളുമായി വൈദ്യുതി വാങ്ങൽക്കരാർ ഉണ്ടാക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകണം.