ഗുരുവായൂർ: ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ പുതിയതായി കമനീയ ചാരുതയിൽ ലക്ഷണമൊത്ത് തീർത്ത ധ്വജം ഭക്തജന നിറവിൽ ആദ്ധ്യാത്മിക ചൈതന്യത്തിൽ പ്രതിഷ്ഠകർമ്മം നടത്തി.
ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ ഗോവിന്ദനാമ മുഖരിതത്തിൽ രാശി മുഹൂർത്തമായ കാലത്ത് 8 മുതൽ 9.30 വരെയുള്ള സമയക്രമത്തിൽ പാണി ധ്വജ മൂലത്തിങ്കൽ പ്രതിഷ്ഠ ക്രിയകൾ, വാഹന ബിംബം ശ്രീകോവിലേക്ക് എഴുന്നെള്ളിക്കൽ, മൂലബിംബത്തിൽ നിന്ന് ആവാഹനത്തിൽ ധ്വജാഗ്രഹത്തിങ്കൽ വാഹന പ്രതിഷ്o, വെങ്കിടാചലപതിയ്ക്ക് ബ്രഹ്മകലശം, നിദ്രാ വാഹന കലശാഭിഷേകം, ദിക്ക് പാലാഭിഷേകം തുടങ്ങീ അനുബന്ധ ശ്രേഷ്ഠ ചടങ്ങുകളോടെയാണ് ധ്വജ സ്തംഭ പ്രതിഷ്ഠ ചടങ്ങുകൾ പൂർത്തികരിച്ചത്.
തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട്, കല്ലൂർ കൃഷ്ണജിത് നമ്പൂതിരിപ്പാട് – മുൻ ഗുരുവായൂർ ക്ഷേത്ര മേൽശാന്തി പല്ലിശ്ശേരി ഹരീഷ് തിരുമേനി തുടങ്ങീ താന്ത്രിക ശ്രേഷ്ഠമാർ സഹ സാരഥ്യം നൽകി. ഗുരുവായൂർ ശശി മാരാർ,ഗുരുവായൂർ ഗോപൻമാരാർ എന്നിവരുടെ നേതൃത്വത്തിൽ താളവാദ്യവും, ഗുരുവായൂർ മുരളിയും സംഘത്തിൻ്റെ നാദസ്വരം എന്നിവരുടെ അകമ്പടിയോടെയാണ് ചടങ്ങുകൾ ആത്മനിർഭരമായി പൂർത്തികരിച്ചത്.
പത്തനംതിട്ട ജില്ലയിൽ ആറന്മുള ക്ഷേത്രപരിസരത്ത് നിന്ന് ആഘോഷ തിമിർപ്പിൽ കൊണ്ടു് വന്നതേക്കുമരം ധ്വജ സ്തംഭ ചാരുതയിൽ തീർത്ത്എണ്ണത്തോണിയിൽ വിവിധ കൂട്ടുകൾ ചേർത്ത് ബലം വരുത്തി പിച്ചളയും, മഞ്ഞ ലോഹത്തിലും പൊതിഞ്ഞു് ആകർഷകമാക്കിയാണ് വെങ്കിടേശ്വര തിരുമുമ്പിൽ ധ്വജ സ്തംഭ പ്രതിഷ്ഠ നിർവഹിച്ചത്.പുതിയ ഈ ധ്വജ സ്തംഭത്തിലാണ് തിങ്കളാഴ്ച രാത്രി ഉത്സവകൊടിയേറ്റം നടത്തപ്പെടുന്നത്. ആചാര്യവരണവും,ധ്വജ സ്തംഭപ്രതിഷ്ഠയ്ക്കായി നിർമ്മാണ പങ്കാളികളായ എല്ലാ ശില്പികൾക്കും, മഹത്തുകൾക്കും ദക്ഷിണ സമർപ്പണവും നടത്തി.ക്ഷേത്ര ഭാരവാഹികളായ ശശി വാറണാട്ട്, പ്രഭാകരൻ മണ്ണൂർ, സേതു തിരുവെങ്കിടം, ബാലൻ വാറണാട്ട്, വിനോദ് കുമാർ അകമ്പടി, ശിവൻകണി ച്ചാടത്ത്, ഹരി കൂടത്തിങ്കൽ, രാജു കലാനിലയം, ഹരി പുത്തൻവീട്ടീൽ, രാജേഷ് പെരുവഴികാട്ടിൽ, ടി.കെ.അനന്തകൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.