കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടും പുറപ്പെടുവിപ്പിച്ചു. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.
നാളെ പത്തനംതിട്ട, ഇടുക്കി വയനാട് എന്നിവിടങ്ങളിലും 13ാം തീയതി തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 14 ന് പത്തനംതിട്ടയിലും 15 ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. സംസ്ഥനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതേ സമയം കേരള – കർണാടക തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചു. ഇടിമിന്നൽ അപകടകാരിയാണ്. അതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതിരിക്കുകയെന്നാണ് നിർദ്ദേശം