ന്യൂഡൽഹി: പുത്തൻ റെക്കോർഡിട്ട് നമോ ഭാരത് ട്രെയിൻ. രാജ്യത്തെ ആദ്യത്തെ മേഖല റെയിൽ സർവീസായ നമോ ഭാരതത്തിൽ ഇതുവരെ യാത്ര ചെയ്തത് ഒരു ദശലക്ഷം പേരെന്ന് റിപ്പോർട്ട്. റീജിയണൽ റാപിഡ് ട്രാൻസ്പോർട്ട് സിസ്റ്റംസ് (RRTS) കണക്കിലാണ് ഇക്കാര്യം പറയുന്നത്.
ഡൽഹിയിലെ സരായ് കാലേ ഖാൻ മുതൽ ഉത്തർപ്രദേശിലെ മീററ്റിലെ മോദിപുരം വരെ 82.15 കിലോമീറ്റർ നീളമുള്ളതാണ് RRTS റെയിൽപാത. 25 സ്റ്റേഷനുകളും രണ്ട് ഡിപ്പോകളുമുള്ള റെയിൽപാതയുടെ നിർമാണം 2025-ഓടെ പൂർത്തിയാകുമെന്നാണ് വിവരം. പ്രതിദിനം എട്ട് ലക്ഷം യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ് നമോ ഭാരത്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ കുതിക്കുക.
ഡൽഹി-ഗാസിയാബാദ്-മീററ്റ് ആർആർടിഎസ് ഇടനാഴിയുടെ 17 കിലോമീറ്റർ ദൂരം കഴിഞ്ഞ ഒക്ടോബറിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. നിലവിൽ സാഹിബാബാദിനും മോദി നഗർ നോർത്തിനും ഇടയിലുള്ള 34 കിലോമീറ്റർ ദൂരത്തിൽ എട്ട് സ്റ്റേഷനുകളുടെ നിർമാണം പുരോഗമിക്കുകയാണ്.