ഗുരുവായൂർ: വൈശാഖ മാസം ആരംഭമായ മെയ് 9 വ്യാഴാഴ്ച ഗരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. വേനൽ അവധിയും വ്യാഴാഴ്ചയും ആയതോടെ ഈ വർഷത്തെ മാധവ മാസം ആരംഭക്കുന്ന ദിവസം രാവില മുതൽ വൻ ഭക്തജന തിരക്ക് ഉണ്ടായി
ദർശനത്തിന് ഭക്തരുടെ നീണ്ടനിരയായിരുന്നു. ഭക്തരെ കൊടിമരം വഴി നേരിട്ട് നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിച്ചു. ഉച്ച കഴിഞ്ഞ് 2.40 നാണ് ക്ഷേത്ര നട അടച്ചത്. 3.30ന് വീണ്ടും തുറന്നു. ഇന്നലെ ആറായിരത്തോളം പേർ പ്രസാദ ഊട്ടിൽ പങ്കെടുത്തു. 66.88 ലക്ഷത്തിന്റെ വഴിപാടുകൾ നടന്നു.
വൈശാഖ മാസം വ്യാഴാഴ്ചകളിൽ ഉണ്ടാവുന്ന (മെയ്-9,16,23,30, ജൂൺ 6) വിശേഷാൽ സദ്യയും തുടങ്ങി. മാമ്പഴ പുളിശ്ശേരി, എരിശ്ശേരി, പച്ചക്കടുമാങ്ങ, ഓലൻ, പപ്പടം, മോര് എന്നീ വിഭവങ്ങൾ ആണ് സദ്യയ്ക്ക്. ഈ വർഷം വൈശാഖം തുടങ്ങുന്നതും സമാപിക്കുന്നതും വ്യാഴാഴ്ചയാണ്. സദ്യയ്ക്ക് പാൽപ്പായസവും ഉണ്ടാകും.
വൈശാഖമാസ തിരക്ക് കരുതി പുലർച്ചെ 5 മുതൽ നെയ്യ് വിളക്ക് വഴിപാട് ദർശനം നടത്തിയിരുന്നു. വൈശാഖ മാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സുഗമമായ ദർശനം ഒരുക്കാൻ ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ദർശനത്തിന് ദേവസ്വം ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്
മേയ് 10 മുതൽ വൈശാഖ മാസം സമാപിക്കുന്ന ജൂൺ 6 വരെയും ക്ഷേത്രത്തിൽ നെയ്യ് വിളക്ക് ദർശനം കാലത്ത് 5 മണിമുതൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഇതോടെ വരിനിൽക്കുന്ന ഭക്തർക്ക് ദർശനത്തിന് കൂടുതൽ സൗകര്യമാകും. പൊതു അവധി ദിവസങ്ങളിൽ പുലർച്ചെ 4 മുതൽ 6 മണി വരെ പതിവുപോലെ നെയ്യ് വിളക്ക് ദർശനം ഉണ്ടാകും. വൈകുന്നേരം നടതുറന്നാൽ പതിവുപോലെ നെയ്യ് വിളക്ക് ദർശനം ഉണ്ടാകുന്നതാണ്