പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളില്‍ അരളി പൂവ് ഉപയോഗിക്കുന്നത് നിർത്തലാക്കുന്നു. നിവേദ്യത്തിന് ഇനി കൃഷ്ണതുളസി മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നാണ് പുതിയ നിർദ്ദേശം . അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്റെ നടപടി.
ഹരിപ്പാട് സ്വദേശിനിയായ സൂര്യാ സുരേന്ദ്രൻ കഴിഞ്ഞ ദിവസം മരണപ്പെട്ടത് അരളിപ്പൂവിന്റെ ഇതളുകള്‍ ഉള്ളില്‍ച്ചെന്നാണെന്ന വിവരം പുറത്തു വന്നതോടെ ക്ഷേത്ര നിവേദ്യങ്ങളില്‍ ഉപയോഗിക്കുന്ന പൂക്കളിൽ നിന്നും അരളി ഒഴിവാക്കണമെന്ന നിർദ്ദേശം ഉയർന്നിരുന്നു. യുവതിയുടെ രാസപരിശോധനാഫലത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചാല്‍ അരളിപ്പൂക്കളുടെ ഉപയോഗം ദേവസ്വം ബോർഡ് ക്ഷേത്രങ്ങളില്‍ നിന്നും പൂർണ്ണമായി ഒഴിവാക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് ഉപയോഗിക്കുന്ന മുല്ല, തുളസി, തെറ്റി, ജമന്തി, കൂവളം തുടങ്ങിയ അഞ്ചിനം ചെടികള്‍ നട്ടുപിടിപ്പിക്കാനും പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതു കൂടാതെ തെങ്ങും കവുങ്ങും നടണമെന്നും നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഭൂമി കുറവുള്ള ക്ഷേത്രങ്ങളില്‍ ഏറ്റവും കുറഞ്ഞത് രണ്ട് കമുകിൻ തൈകളെങ്കിലും നടണമെന്നാണ് ബോർഡിന്റെ നിർദ്ദേശം.