ഗുരുവായൂർ: സിനിമാ താരദമ്പതികളായ ജയറാമിൻ്റെയും പാർവ്വതിയുണ്ടയും മകൾ മാളവിക ജയറാമും നവനീത് ഗിരീഷും ഗുരുവായുർ ഷേത്രത്തിൽ വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ ഉഷഃപൂജ നട തുറന്ന സമയത്ത് 6.20ന് ചടങ്ങുകൾ ആരംഭിച്ചു.
വിവാഹത്തിൽ പങ്കെടുക്കാൻ നടൻ സുരേഷ് ഗോപി ഗുരുവായൂർ അമ്പലത്തിൽ എത്തിയിരുന്നു. മാളവികയും വരനും സുരേഷ് ഗോപിയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങിക്കുകയും ചെയ്‌തിരുന്നു. ശേഷം ഇന്ന് തൃശൂരിൽ വച്ച് വിവാഹവിരുന്നും സംഘടിപ്പിച്ചിരിക്കുകയാണ്.
ചുവപ്പ് നിറമുള്ള സാരിയിൽ അതീവ സുന്ദരിയായിട്ടാണ് മാളവിക വിവാഹത്തിൽ പങ്കെടുത്തത്. സാധാരണ ഗുരുവായൂരിൽ വച്ച് കല്യാണം നടത്തുന്നതിൽ നിന്നും വ്യത്യസ്‌തമായ ശൈലിയാണ് താരപുത്രി സ്വീകരിച്ചത്. മാത്രമല്ല ജയറാമാണ് മകളെ കല്യാണ മണ്ഡപത്തിലേക്ക് കൈപിടിച്ച് കൊണ്ട് പോകുന്നത്. ശേഷം പിതാവിൻ്റെ മടിയിൽ മാളവികയെ ഇരുത്തിയതിന് ശേഷമാണ് താലിക്കെട്ടിയത്.
മാളവികയുടെ വിവാഹത്തിൽ സഹോദരനും നടനുമായ കാളിദാസ് ജയറാമും ശ്രദ്ധേയനായി. ചുവപ്പ് നിറമുള്ള ഷർട്ടും മുണ്ടുമായിരുന്നു കാളിദാസിൻ്റെ വേഷം. തന്റെ പ്രതിശ്രുത വധുവിൻ്റെ കൈയ്യും പിടിച്ചായിരുന്നു നടൻ വിവാഹവേദിയിലേക്ക് എത്തിയത്.
ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷമാണിതെന്നാണ് മകളുടെ വിവാഹത്തിന് ശേഷം ജയറാം പറഞ്ഞത്. വാക്കുകളിലൂടെ തന്റെ വികാരം പറഞ്ഞറിയിക്കാൻ സാധിക്കില്ല. 32 വർഷം മുൻപ് താനും പാർവതിയും ഇവിടെ വെച്ചാണ് വിവാഹിതരായത്. ഇപ്പോൾ മകളുടെ വിവാഹവും അവിടെ വെച്ച് നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നടൻ പറഞ്ഞു.