ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രസെനെക്ക തങ്ങളുടെ കോവിഡ് -19 വാക്സിന് പാർശ്വ ഫലങ്ങളുണ്ടെന്ന് ആദ്യമായി അംഗീകരിച്ചു. ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം (ടിടിഎസ്) എന്ന അപൂർവ രോഗമുണ്ടാകാനുള്ള സാധ്യത കമ്പനി അംഗീകരിച്ചതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. ഓക്സ്ഫോർഡ് സർവ്വകലാശാലയുമായി സഹകരിച്ചാണ് യുകെ ആസ്ഥാനമായുള്ള ആസ്ട്രസെനെക്ക കമ്പനി കോവിഡ്- 19 വാക്‌സിൻ വിപുലീകരിച്ചത്. ഓക്സ്ഫോർഡ് ആസ്ട്രസെനെക്ക കോവിഡ് വാക്സിൻ, കോവിഷീൽഡ്, വക്സെവ്രിയ എന്നീ ബ്രാൻഡ് നാമങ്ങളിലാണ് വാക്സിൻ ആഗോളതലത്തിൽ വിപണിയിലെത്തിയിരുന്നതും. എന്നാലിപ്പോൾ, വാക്‌സിൻ സ്വീകരിച്ചവിൽ ചിലർ മരണപ്പെടുകയും മറ്റ് ചിലരിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായി എന്ന വിഷയത്തിൽ നിയമ നടപടി നേരിട്ട് വരികയാണ്.
ആസ്ട്രസെനെക്ക വാക്സിന്റെ പാർശ്വഫലം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയതായി നിരവധി കുടുംബങ്ങൾ കോടതിയിൽ നൽകിയ പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
2023 ൽ ജെയ്മി സ്കോട്ട് എന്ന വ്യക്തിയാണ് ആസ്ട്രസെനെക്കക്കെതിരെ ആദ്യമായി നിയമ നടപടി സ്വീകരിച്ചത്. 2021 ൽ വാക്സിനേഷൻ എടുത്തതിന് ശേഷം ജെയ്മിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതിയിൽ പറയുന്നു. ‘ വാക്സിനേഷനു ശേഷം തലച്ചോറിൽ രക്തം കട്ടപിടിക്കുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു’ എന്നാണ് ജെയ്മി സ്‌കോട്ട് തന്റെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. രണ്ടു കുട്ടികളുടെ പിതാവ് കൂടിയായ ജെയ്മി സ്‌കോട്ട് ആരോഗ്യ പ്രശ്നങ്ങൾ മൂല ജോലിക്ക് പോകാൻ കഴിയാതായതോടെയാണ് നിയമ നടപടികൾക്കൊരുങ്ങിയത്. വാക്സിൻ-ഇൻഡ്യൂസ്ഡ് ഇമ്മ്യൂൺ ത്രോംബോസൈറ്റോപീനിയയും ത്രോംബോസിസും (VITT) വാക്സിൻ മൂലമാണ് ഉണ്ടായതെന്ന് മെഡിക്കൽ ലോകം വളരെക്കാലമായി അംഗീകരിച്ചിട്ടുണ്ടെന്നാണ് ജെയ്മിയുടെ ഭാര്യ കെയ്റ്റിന്റെ ആരോപണം.
നിയമ നടപടികളെ തുടർന്ന്, വാക്‌സിൻ-ഇൻഡ്യൂസ്‌ഡ് ത്രോംബോട്ടിക് ത്രോംബോസൈറ്റോപീനിയ (ടിടിഎസ്) വാക്‌സിൻ്റെ ഒരു സാധാരണ പാർശ്വഫലമാണെന്ന് ആസ്ട്രസെനെക്ക അംഗീകരിക്കുന്നില്ലെന്ന് 2023 മെയ് മാസത്തിൽ കമ്പനി ജെയ്മി സ്കോട്ടിൻ്റെ അഭിഭാഷകരോട് വ്യക്തമാക്കിയിരുന്നു.
എന്നാൽ, പിന്നീട് യു കെ ഹൈക്കോടതിയിൽ സമർപ്പിച്ച നിയമ രേഖകൾ പ്രകാരം, ആസ്ട്രസെനെക്ക കമ്പനി തങ്ങളുടെ വാക്സിൻ വളരെ അപൂർവമായ സന്ദർഭങ്ങളിൽ, ത്രോംബോട്ടിക് ത്രോംബോസൈറ്റോപീനിയക്ക് കാരണമാകുമെന്ന് അംഗീകരിക്കുകയായിരുന്നു. എന്നാൽ ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്ന കാരണം അജ്ഞാതമാണെന്നും കമ്പനി റിപ്പോർട്ടിൽ പറയുന്നുണ്ട്.
പാർശ്വഫലങ്ങളെ കുറിച്ച് അംഗീകരിക്കാൻ തന്നെ വർഷങ്ങളെടുത്തുവെന്നും, തൻറെ കുടുംബത്തിനോടും മറ്റ് ദുരിതബാധിതരായ കുടുംബങ്ങളോടും ആസ്ട്രസെനെക്ക മാപ്പ് പറയണമെന്നും ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും കേറ്റ് ആവശ്യപ്പെട്ടു. ‘ഞങ്ങളുടെ ഭാഗത്താണ് സത്യം, അതിനാൽ നീതി ലഭിക്കും വരെ ഈ പോരാട്ടം ഉപേക്ഷിക്കാൻ തയ്യാറല്ല.’ എന്നാണ് കേറ്റ് പറയുന്നത്.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഇതുവരെ ആസ്ട്രസെനെക്ക കമ്പനിക്കെതിരെ അമ്പത്തിയൊന്ന് കേസുകൾ ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. വാക്സിൻ മൂലം ഗുരുതര ആരോഗ്യ പ്രശനങ്ങൾ നേരിട്ട കുടുംബങ്ങൾ ഏകദേശം 100 മില്യൺ പൗണ്ട് (10,47,50,63,110 ഇന്ത്യൻ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്.
വിപുലമായ നിയമ തർക്കങ്ങളെ തുടർന്നാണ് ആസ്ട്രസെനെക്കയുടെ ഈ തുറന്ന് പറച്ചിൽ. കൂടാതെ വാക്സിൻ പ്രേരിതമായ അസുഖമോ നിർദ്ദിഷ്ട കേസുകളിൽ മരണമോ കമ്പനി അംഗീകരിക്കുകയാണെങ്കിൽ ഇനിയും പല നിയമ പോരാട്ടങ്ങൾക്കും തുടക്കം കുറിക്കുന്നതാണ്. കൂടാതെ, വാക്സിനേഷനുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ഏറ്റു പറഞ്ഞുകൊണ്ടുള്ള കമ്പനിയുടെ തുറന്നുപറച്ചിൽ നിയമപോരാട്ടത്തിലെ ഒരു സുപ്രധാന സംഭവം കൂടിയാണ്.
ഇന്ത്യയിൽ വാക്സിൻ ലഭ്യമാക്കുന്നതിന് വേണ്ടി ആഗോളതലത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി (എസ്ഐഐ) അസ്ട്രസെനെക്ക സഹകരിച്ചിരുന്നു.
തലച്ചോറിലെയോ മറ്റെവിടെയെങ്കിലുമോ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയുകയും ചെയ്യുന്ന അവസ്ഥയാണ് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം ( ടിടിഎസ്).