ഗുരുവായൂർ : ലോക് സഭാ തീരഞ്ഞെടുപ്പ് നടന്ന 26 വെള്ളിയാഴ്ചയും വൻ ഭക്തജന തിരക്കാണ് ഗുരുവായൂർ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്.
തിരഞ്ഞെടുപ്പു ദിനങ്ങളിൽ ഗുരുവായൂരിൽ പൊതുവേ തിരക്കുണ്ടാകാറില്ല. എന്നാൽ, ഇക്കുറി അതായിരുന്നില്ല സ്ഥിതി. വെള്ളിയാഴ്ച രാവിലെ മുതലേ ക്ഷേത്രനടയിൽ തിക്കും തിരക്കുമായിരുന്നു. തെക്ക നടയിലെ വരിപ്പന്തൽ നിറഞ്ഞു. അവിടെനിന്ന് ഭക്തരെ കിഴക്കേ നടപ്പന്തലിലൂടെ പ്രധാന വരിപ്പന്തലിലേക്ക് പ്രവേശിപ്പിച്ചു. പുറത്ത് തിരക്കു കൂടിവന്നു. അതിനാൽ അകത്ത് കൊടിമരം വഴിയാണ് നാലമ്പലത്തിലേക്ക് കടത്തിവിട്ടതെന്ന് ക്ഷേത്രം ഡെപ്യൂട്ടി അഡ്‌മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ പറഞ്ഞു.
വരി നിൽക്കാതെ പ്രത്യേക ദർശനത്തിന് 2200 പേർ നെയ്‌വിളക്ക് ശീട്ടാക്കിയതിൽ നിന്ന് 13 ലക്ഷത്തിലേറെ രൂപ ലഭിച്ചു. 76 വിവാഹങ്ങൾ നടന്നു. ഉച്ചയ്ക്ക് 11.30 ആകുമ്പോഴേക്കും ഭൂരിഭാഗം കല്യാണങ്ങളും പൂർത്തിയായി. 296 കുരുന്നുകൾക്ക് ചോറൂൺ നടത്തി. തുലാഭാരം വഴിപാടിനത്തിൽ 16 ലക്ഷം രൂപയാണ് വരുമാനം. അഞ്ചുലക്ഷം രൂപയുടെ പാൽപ്പായസം ശീട്ടാക്കിയിട്ടുണ്ട്.