ന്യൂഡൽഹി: പാർട്ടിയുടെ വിവിധ അക്കൗണ്ടുകളിൽനിന്ന് 135 കോടിരൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു.
2018-19 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ താമസിച്ചതിൻ്റെയടക്കം പേരിൽ 103 കോടി പിഴയും പലിശയുമടക്കം 135 കോടി പിടിച്ചെടുത്തതിന് എതിരെയാണിത്. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് കോൺഗ്രസ് നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിക്കും.
സീതാറാം കേസരി കോൺഗ്രസ് ട്രഷററായിരുന്ന 1994-95 സാമ്പത്തിക വർഷത്തിലെ ആദായ നികുതി തർക്കവുമായി ബന്ധപ്പെട്ട് കോൺഗ്രസ് 2016-ൽ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജിക്കൊപ്പം പുതുതായി ലഭിച്ച 135 കോടി പിടിച്ചെടുത്തതിനെതിരായ ഹർജിയും പരിഗണിക്കണം എന്നാണ് കോൺഗ്രസിന്റെ ആവശ്യം. സമീപകാലത്ത് ലഭിച്ച എല്ലാ ആദായ നികുതി നോട്ടീസുകളും ഒരുമിച്ച് സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തിക്കാനാണ് കോൺഗ്രസ് നീക്കം. 1994-95 സാമ്പത്തിക വർഷത്തെ ആദായ നികുതി കുടിശ്ശികയായി 53 കോടി രൂപ അടയ്ക്കാൻ കോൺഗ്രസിന് സമീപ കാലത്ത് നോട്ടീസ് ലഭിച്ചിരുന്നു.
എന്നാൽ നോട്ടീസുകളെല്ലാം ഒരുമിച്ച് സുപ്രീം കോടതി കേൾക്കുന്നത് ആദായ നികുതി വകുപ്പ് എതിർക്കും. എതിർപ്പ് നാളെ സുപ്രീം കോടതിയെ അറിയിക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഓരോ നോട്ടീസുകളും വ്യത്യസ്തമാണ്. അതിനാൽ ഒരുമിച്ച് ഇവ കേൾക്കരുത് എന്നാണ് ആദായ നികുതി വകുപ്പിന്റെ ആവശ്യം. നോട്ടീസ് ചോദ്യംചെയ്ത് ആദായനികുതി വകുപ്പ് കമ്മീഷണർക്കാണ് ആദ്യം അപ്പീൽ നൽകേണ്ടത്. അതല്ലാതെ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിക്കും.