രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. നാളെ രാവിലെ 6 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രം പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കുറച്ചിരിക്കുന്നത്.
പെട്രോൾ, ഡീസൽ വിലയിൽ രണ്ട് രൂപ കുറച്ചതിലൂടെ ജനങ്ങളുടെ കുടുംബത്തിൻ്റെ ക്ഷേമവും സൗകര്യവുമാണ് തൻ്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി എക്‌സിൻ്റെ പോസ്റ്റിൽ പറഞ്ഞു.
വലിയ എണ്ണ പ്രതിസന്ധിക്കിടയിലും കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഇന്ത്യയിൽ പെട്രോൾ വില 4.65 ശതമാനം കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഗാർഹിക പാചകവാതക സിലിണ്ടറിന് (14.2 കിലോ) കേന്ദ്ര സർക്കാർ 100 രൂപ കുറച്ചിരുന്നു. വനിതാ ദിനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്.