ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എട്ടാം വിളക്ക് ദിവസമായ വെള്ളിയാഴ്ച താന്ത്രിക ചടങ്ങുകളില്‍ ഏറ്റവും സങ്കീര്‍ണ്ണമായതും, ദൈര്‍ഘ്യമേറിയതുമായ ഉത്സവബലി ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ക്ഷേത്രത്തിനകത്തെ എല്ലാ ദേവി ദേവന്‍മാര്‍ക്കും, ഭൂതഗണങ്ങള്‍ക്കും പൂജാവിധിയോടെ ഹവിസ് തൂകുന്ന ചടങ്ങാണ് ഉത്സവബലി.
ശ്രീഗുരുവായൂരപ്പന്റെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്. രാവിലെ പന്തീരടീപൂജ നടതുറന്ന ശേഷം നാലമ്പലത്തിനകത്തെ ചെറിയ ബലിക്കല്ലില്‍ ബലി തൂവല്‍ ചടങ്ങാരംഭിച്ചു. നാല് പ്രദക്ഷിണത്തിനും, മണിക്കൂറുകള്‍ക്കും ശേഷമാണ് ക്ഷേത്രത്തിനകത്തെ തെക്കേ ബലിക്കല്ലില്‍ സപ്തമാതൃത്തള്‍ക്ക് ബലി തൂവല് ചടങ്ങാരംഭിച്ചത്.
സ്വര്‍ണ്ണ പഴുക്കാമണ്ഡപത്തില്‍ എഴുന്നെള്ളിച്ചുവെച്ച ഭഗവാന്റെ തങ്കതിടമ്പിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സപ്ത മാതൃക്കള്‍ക്ക് ബലിതൂവല്‍ ചടങ്ങ് നടന്നത്. ഈ സമയം അവിടെ മുപ്പത്തി മുക്കോടി ദേവഗണങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്നും, ഈ സമയത്ത് ദര്‍ശനം നടത്തുന്നത് പുണ്യമാണെന്നുമാണ് വിശ്വസം.
ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്നാണ് സ്വര്‍ണ്ണഗോപുരത്തിനരികിലെ വലിയ ബലിക്കല്ലില്‍ തന്ത്രി കൃഷ്ണന്‍ നമ്പൂതിരിപ്പാട് ബലിതൂവല്‍ ചടങ്ങ് നടത്തിയത്. മുളമംഗലം ചൈതന്യൻ നമ്പൂതിരി, കൊടക്കാട്ട് ശ്രീരാമൻ നമ്പൂതിരി എന്നിവർ പരികർമ്മികളായി ഭക്തിസാന്ദ്രമായ ഉത്സവബലി ചടങ്ങ് ദര്‍ശിക്കാന്‍ ആയിരങ്ങൾ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. എട്ടാം വിളക്കുദിവസം ഗുരുവായൂരില്‍ പക്ഷിമൃഗാദികള്‍ ഉള്‍പ്പടെ ആരുംതന്നെ പട്ടിണികിടക്കരുതെന്ന വിശ്വാസത്തില്‍ എല്ലാവര്‍ക്കും അന്നം നല്‍കുന്ന ചടങ്ങുകൂടിയ ദിവസമായിരിന്നു ക്ഷേത്രത്തില്‍ . സന്ധ്യക്ക് 12 ഇടങ്ങഴി അരിവെയ്ച്ച നിവേദ്യം പക്ഷിമൃഗാദികള്‍ക്കായി ചെമ്പ് വട്ടകയിലാക്കി മാറ്റിവച്ചു. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന് പുറത്ത് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്നുവന്നിരുന്ന കലാപരിപാടികളും, ദേശ പകര്‍ച്ചയും ഇതോടെ അവസാനിക്കും