ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഗുരുവായൂരപ്പ സന്നിധിയിലെത്തി. രണ്ടാം ഉത്സവ ദിനമായ ഇന്നു രാവിലെ പതിനൊന്നേകാലോടെയാണ് മന്ത്രി തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ പ്രസാദ ഊട്ട് പന്തലിലെത്തിയത്. ദേവസ്വത്തിൻ്റെ വിവിധ പദ്ധതികളുടെ സമർപ്പണം നിർവ്വഹിച്ച ശേഷം ദേവസ്വം ചെയർമാൻ ഡോ വി കെ വിജയനും ഭരണ സമിതി അംഗങ്ങൾക്കുമൊപ്പമാണ് മന്ത്രിയെത്തിയത്.
പ്രസാദ ഊട്ട് സബ്ബ് കമ്മിറ്റി ചെയർമാൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് മന്ത്രിയെ പ്രസാദ ഊട്ടിന് ക്ഷണിച്ചു. വാഴയിലയിൽ പാള പാത്രം നിരന്നു. ഉത്സവ വിശേഷമായ കഞ്ഞി ആദ്യം വിളമ്പി. തുടർന്ന് മുതിരപ്പുഴുക്കും .തേങ്ങപ്പൂളും ശർക്കരയും പ്ലാവിലയും ഇലയിൽ നിരന്നു. പ്ലാവില കൈയാലാണ് ഭക്തർക്കൊപ്പം മന്ത്രിയും കഞ്ഞിയും പുഴുക്കും കഴിച്ചത്. ദേവസ്വം ചെയർമാനു പുറമെ ഗുരുവായൂർ നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ്, ദേവസ്വം ഭരണ സമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ , അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവരും പന്തിയിലുണ്ടായിരുന്നു.
പ്രസാദ ഊട്ടിനു ശേഷം ഭക്തർക്കെല്ലാം ഹൃദ്യമായ ഉത്സവ ആശംസകൾ നേർന്നാണ് മന്ത്രി ഗുരുവായൂരപ്പ സന്നിധിയിൽ നിന്ന് മടങ്ങിയത്