ഗുരുവായൂർ: 2024 വർഷത്തെ ഗുരുവായൂർ ക്ഷേത്രോത്സവ വിശേഷങ്ങളുമായി പ്രത്യേക സപ്ലിമെൻ്റ് ദേവസ്വം പ്രസിദ്ധീകരിച്ചു. കൊടിയേറ്റ് ദിനമായ ഫെബ്രുവരി 21 മുതൽ പത്താം ഉത്സവ ദിനമായ മാർച്ച് ഒന്നുവരെ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകളുടെയും വിശേഷാൽ വിളക്കുകളുടെയും മേളങ്ങളുടെയും കലാപരിപാടികളുടെയും സമഗ്ര വിവരങ്ങൾ രേഖപ്പെടുത്തിയതാണ് പ്രത്യേക സപ്ലിമെൻ്റ്. നാലു പേജുകളുണ്ട്.
സപ്ലിമെൻറിൻ്റെ പ്രകാശന കർമ്മം ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ നിർവ്വഹിച്ചു. ക്ഷേത്രം കിഴക്കേ നട ദീപസ്തംഭത്തിന് മുന്നിൽ നടന്ന ചടങ്ങിൽ പബ്ലിക് റിലേഷൻസ് സബ്ബ് കമ്മിറ്റി ചെയർമാൻ കൂടിയായ ദേവസ്വം ഭരണസമിതി അംഗം വി ജി രവീന്ദ്രൻ ആദ്യ കോപ്പി ഏറ്റുവാങ്ങി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി, മനോജ് ബി നായർ, ക്ഷേത്രം ഡി എ പി മനോജ് കുമാർ, അസി മാനേജർമാരായ കെ ജി.സുരേഷ് കുമാർ, സി സുരേഷ്, രാമകൃഷ്ണൻ, ദേവസ്വം പി ആർ ഒ
വിമൽ ജി നാഥ്, മാധ്യമ പ്രവർത്തകർ, ദേവസ്വം ജീവനക്കാർ, ഭക്തർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി