ഗുരുവായൂർ: കോവിഡാനന്തരം കേരളത്തിൽ ഒരു ലക്ഷത്തിൽ കൂടുതൽ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ എന്നന്നേക്കുമായി അടഞ്ഞു കഴിഞ്ഞു. ആ മേഖലയിൽ പ്രവർത്തിച്ചിരുന്ന വ്യാപാരികളും ജീവനക്കാരും അതുപോലെ തന്നെ ദേശീയപാതയുടെ വികസനത്തിനായി ഒഴിപ്പിച്ച വ്യാപാരികളും വഴിയാധാരമായി. ഈ വ്യാപാരികളുടെ സംരക്ഷണത്തിനോ പുനരധിവാസത്തിനോ സമരം ചെയ്യാൻ ജില്ലാ – സംസ്ഥാന നേതാക്കൾ ഇന്നുവരെ തയ്യാറായിട്ടില്ല. വ്യാപാരികൾക്കെതിരെയുള്ള 19 നിയമങ്ങൾ നടപ്പിലാക്കുന്ന സന്ദർഭങ്ങളിൽ അതിനെതിരെ നേതാക്കൾ ആരെങ്കിലും ശബ്ദം ഉയർത്തിയതായും അറിവില്ല. എല്ലാ നേതാക്കളും വ്യാപാരികളെ ഉപയോഗിച്ച് സാമ്പത്തിക നേട്ടം ലക്ഷ്യം വെച്ചുകൊണ്ടുള്ള നെട്ടോട്ടത്തിലായിരുന്നു.
കെ.വി.വി.ഇ.എസിൻ്റെ ജില്ലാ സംസ്ഥാന തെരഞ്ഞെടുപ്പുകൾ സമാഗതമായ ഈ അവസരത്തിൽ തങ്ങളുടെ സ്ഥാനമാനങ്ങൾ ഉറപ്പിക്കാനുള്ള തയ്യാറെടുപ്പുകളാണ് ഈ സംരക്ഷണയാത്രയുടെയും കടയടപ്പ് സമരത്തിൻ്റെയും പിന്നിലുള്ളത്.
വ്യാപാരമാന്ദ്യത്താൽ വലയുന്ന ചെറുകിട വ്യാപാരികളോട് പതിമൂന്നാം തീയതി കട അടച്ചിടാൻ ആഹ്വാനം ചെയ്യുമ്പോൾ മാളുകളും വൻകിട വ്യാപാരികളും ഓൺലൈൻ വ്യാപാരവും നടത്താൻ അനുവദിക്കില്ലെന്ന് നേതാക്കൾ ഇന്നുവരെ പ്രഖ്യാപിച്ചിട്ടില്ല. കെ.വി.വി.ഇ.എസ്സിനെപ്പോലെ സമാന സ്വഭാവമുള്ള ഇതര വ്യാപാര സംഘടനകൾ ആരും തന്നെ പതിമൂന്നാം തീയതിയിലെ കടയടപ്പ് സമരത്തിനോട് അനുകൂലിക്കുന്നില്ല എന്നും പ്രസ്‌തുത ദിവസം കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതുമാണ്.
ഈ സാഹചര്യത്തിൽ ഇപ്പോൾ നടന്നുവരുന്ന വ്യാപാര സംരക്ഷണ യാത്രയും കടയടപ്പ് സമരവും ചെറുകിട വ്യാപാരികളെ കൂടുതലായി ദ്രോഹിക്കുമെന്ന് തിരിച്ചറിയുകയും, നിലവിൽ കച്ചവട സ്ഥാപനങ്ങൾ ഇല്ലാത്ത നേതാക്കൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലാത്തതിനാൽ സ്ഥാപനങ്ങൾ അടച്ചിടാൻ ആഹ്വാനം ചെയ്യാൻ എളുപ്പമാണെന്നും അതുകൊണ്ടുതന്നെ എല്ലാ കച്ചവടക്കാരും തങ്ങളുടെ സ്ഥാപനങ്ങൾ ഫെബ്രുവരി 13ന് തുറന്ന് പ്രവർത്തിക്കുമെന്ന് ജനറൽ സെക്രട്ടറി റഹ്‌മാൻ പി തിരുനെല്ലൂർ, കെ രാധാകൃഷ്‌ണൻ, പ്രസിഡണ്ട് ടി എൻ മുരളി എന്നിവർ പറഞ്ഞു.