ഗുരുവായൂർ: ഗുരുവായൂർ ഉത്സവാരംഭത്തിന് തുടക്കം കുറിച്ച് ഐതിഹ്യ പെരുമയും, ആചാരാനുഷ്ഠാന മഹിമയും നിലനിർത്തി നടത്തപ്പെടുന്ന ആനയോട്ടത്തിന് അഞ്ച് ആനകളെ ഓടുന്ന നിരയിൽ ഉൾപ്പെടുത്തണമെന്ന് തിരുവെങ്കിടം പാനയോഗം ആവശ്യപ്പെട്ടു.
അത്യപൂർവ്വമായ പ്രസ്തുത ആനയോട്ടത്തിൽ പങ്കെടുപ്പിക്കുന്നവയിൽ മൂന്നാനകളാക്കി കുറയ്ക്കുവാൻ എടുത്ത തീരുമാനം ദേവസ്വം ഭരണസമിതി പുനർചിന്തനം ചെയ്യണം. ആനയോട്ടവുമായി നിലവിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെടുത്തി മൂന്നാനകളാക്കി കുറയ്ക്കുകയും, വെറും ചടങ്ങായി മാറ്റപ്പെടുന്ന നിലയിലേയ്ക്ക് എത്തപ്പെടുന്ന സ്ഥിതി വിശേഷമായി തീരുമോ എന്നത് ഏവരെയും ആശങ്കയിലാക്കുകയുമാണ് അഞ്ച് ആനകളുമായി തന്നെ നടപ്പാക്കി ആന പ്രേമികൾക്കും, ഉത്സവ പ്രേമികൾക്കും ഏറെ പ്രിയം നിറഞ്ഞ ഈ ആനയോട്ടം മൂന്ന് എന്നത് അഞ്ചാക്കി മാറ്റി നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഗുരുവായൂരിൽ ചിട്ടയോടെ നടത്തി പോരുന്ന അപൂർവ ആനയോട്ടം കാണുന്നതിന് വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് എല്ലാവർഷവും എത്തിചേരാറുള്ളത്. ഇത് കൂടി കണക്കിലെടുത്ത് അഞ്ചാനകളുടെ ആനയോട്ടമാക്കുന്നതിന് ഗുരുവായൂർ ദേവസ്വം ഭരണ സമിതിയും, കാണുന്നതിനും, പങ്കെടുക്കേണ്ടതിനും അവസരമൊരുക്കി ബന്ധപ്പെട്ട അധികാരികൾ ചാവക്കാട് താലൂക്കിൽ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഗുരു കടാക്ഷത്തിൽ പാനയോഗം പ്രസിഡണ്ട് ശശി വാറണാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഗുരുവായൂർ ജയപ്രകാശ് വിഷയാവതരണം നടത്തി ഉണ്ണികൃഷ്ണൻ എടവന, ബാലൻ വാറണാട്ട്, പ്രീത എടവന, ഷൺമുഖൻ തെച്ചിയിൽ, പ്രഭാകരൻ മൂത്തേടത്ത്, രാജു കോക്കൂർ, ഇ. ഹരികൃഷ്ണൻ, മോഹനൻ കുന്നത്തൂർ എന്നിവർ പ്രസംഗിച്ചു.