ന്യൂഡല്‍ഹി: 16 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ടാബ്ലോകളാണ് ഇത്തവണ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തത്. ഇതില്‍ ഉത്തര്‍പ്രദേശിന്റെ ടാബ്ലോ ശ്രദ്ധ നേടി. അയോധ്യയും രാമക്ഷേത്രവുമാണ് ഈ ടാബ്ലോയുടെ പ്രമേയം.
ശ്രീരാമന്റെ ബാലരൂപമായ രാംലല്ലയെ മുന്‍നിരയില്‍ കാണിച്ചിരിക്കുന്നു. ഋഷിമാര്‍ പുറകില്‍ ആരാധിക്കുന്നതും കാണാം. ശ്രീരാമന്റെ അയോധ്യയിലേക്കുള്ള വരവില്‍ ജനങ്ങള്‍ക്കിടയിലെ ആഹ്‌ളാദം
പ്രകടിപ്പിക്കുന്ന ദീപങ്ങളും ചുറ്റും ചിത്രീകരിച്ചിരിക്കുന്നു. ഇരുവശത്തും ‘രാം ലല്ല’യെ സ്വീകരിക്കാന്‍ സ്ത്രീകള്‍ നൃത്തം ചെയ്യുന്നതും കാണാം.
ഇന്ത്യയുടെ മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തിനും വികസനത്തിനുമുള്ള ഉത്തര്‍പ്രദേശിന്റെ പ്രതിബദ്ധതയെ ബ്രഹ്മോസ് മിസൈല്‍ ചിത്രീകരിക്കുന്നു. രാജ്യത്തെ ആദ്യത്തെ ഓപ്പറേഷണല്‍ ഹൈ-സ്പീഡ് റെയില്‍ സര്‍വീസിന്റെ (ആര്‍ആര്‍ടിഎസ്) ചിത്രവും റിപ്പബ്ലിക് ദിന നിശ്ച ചിത്രത്തില്‍ ഇടംപിടിച്ചു.
ആദ്യമായി സൈനിക ബാന്‍ഡിന് പകരം ശംഖും താളവും മുഴക്കിയാണ് ഇത്തവണ കര്‍ത്തവ്യപഥില്‍ പരേഡ് ആരംഭിച്ചത്. പരേഡിലും ബാന്‍ഡിലും മാര്‍ച്ച് പാസ്റ്റിലും ടാബ്ലോയിഡുകളിലുമുള്‍പ്പെടെ സമസ്തവിഭാഗങ്ങളിലും അണിനിരന്നത് വനിതകള്‍ മാത്രമാണെന്ന പ്രത്യേകതയുമുണ്ട്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി ‘വികസിത ഇന്ത്യ’, ‘ഇന്ത്യ – ജനാധിപത്യത്തിന്റെ മാതാവ്’ എന്നിവയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പ്രമേയം. 13,000-ലധികം വിശിഷ്ടാതിഥികളാണ് പരേഡില്‍ പങ്കെടുത്തത്.