റിയാദ്: ചരിത്രത്തിലാദ്യമായി തലസ്ഥാനമായ റിയാദില്‍ മദ്യശാല തുറക്കാന്‍ സൗദി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മുസ്ലിം ഇതര നയതന്ത്രജ്ഞര്‍ക്ക് മൊബൈല്‍ ആപ് വഴി മദ്യം ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മദ്യം വേണ്ട ഉപഭോക്താക്കള്‍ മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് എടുക്കുകയും ചെയ്താല്‍ മതി. പ്രതിമാസ ക്വാട്ട അനുസരിച്ച് മദ്യം വിതരണം ചെയ്യുമെന്നും അടുത്ത ആഴ്ച തന്നെ സ്റ്റോര്‍ തുറന്നേക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇസ്ലാമിക തത്വങ്ങള്‍ പാലിക്കുന്നത് കൊണ്ട് തന്നെ മദ്യപാനം നിഷിദ്ധമായതിനാല്‍ സൗദിയില്‍ സമ്പൂര്‍ണ മദ്യനിരോധന നയമാണ് ചരിത്രാതീത കാലം മുതല്‍ക്കേ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, വിനോദസഞ്ചാരത്തിനും വ്യവസായത്തിനും രാജ്യം തുറന്നുകൊടുക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളുടെ ഭാഗമാണ് നിലവില്‍ എടുത്ത ചരിത്ര തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലാണ് പുതിയ സ്റ്റോര്‍ തുറക്കുക എന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. അമുസ്ലിങ്ങള്‍ക്ക് മാത്രമായിരിക്കും മദ്യം നല്‍കുകയെന്നും, അമുസ്ലിം പ്രവാസികള്‍ക്ക് സ്റ്റോറിലേക്ക് പ്രവേശനം ലഭിക്കുമോ എന്നത് വ്യക്തമല്ലെന്നും റിപ്പോട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ പുറത്തുവന്ന ഈ വാര്‍ത്ത സംബന്ധിച്ച് സൗദി ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.