ഗുരുവായൂർ: റേഷൻ കടകൾ കെ സ്റ്റോർ അഥവാ കേരള സ്റ്റോറുകൾ ആയി മാറുന്നു. റേഷൻ കടകളുടെ മുഖഭാവവും ഉള്ളടക്കവും വിപ്ലവകരമായ മാറ്റത്തിന് വിധേയമാകുന്ന കെ സ്റ്റോർ പദ്ധതി കേരള സർക്കാരും പൊതു വിതരണ വകുപ്പും നടപ്പിലാക്കുകയാണ്.
ഗുരുവായൂർ മണ്ഡലത്തിലെ അഞ്ചാമത്തേതും, ഗുരുവായൂർ നഗരസഭയിലെ ആദ്യത്തേതുമായ കെ സ്റ്റോറിന്റെ ഉദ്ഘാടനം മമ്മിയൂർ സെന്ററിലെ ARD no25 ൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ നിർവഹിച്ചു.
സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൊണ്ടാണ് കെ സ്റ്റോർ എന്ന ആശയം നടപ്പിലാക്കുന്നത്. ഭക്ഷ്യ- പൊതുവിതരണ, ഉപഭോക്തകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന 14000ൽ പരം റേഷൻ കടകളിൽ നിന്ന് തിരഞ്ഞെടുത്ത 1000 എണ്ണം ആദ്യഘട്ടത്തിൽ കെ സ്റ്റോറുകളായി മാറുകയാണ്.
ആധാർ ബന്ധിത റേഷൻ കാർഡ് സംവിധാനത്തിലൂടെ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന റേഷൻ സാധനങ്ങൾക്ക് പുറമേ സപ്ലൈകോയുടെ സ്വന്തം ശബരി ബ്രാൻഡ് ഉൽപ്പന്നങ്ങൾ, അഞ്ച് കിലോഗ്രാം തൂക്കമുള്ള ചോട്ടു പാചകവാതക സിലിണ്ടറുകൾ, ഇലക്ട്രിസിറ്റി ബില്ല്, ടെലിഫോൺ ബില്ല് എന്നിവയുടെ അടവ്, നഗരസഭ- വില്ലേജ് ഓഫീസുകൾ മുഖേന ലഭ്യമാകുന്ന സേവനങ്ങൾ
എന്നിവ ഉൾപ്പെടുന്ന അവശ്യ ഓൺലൈൻ സർവീസുകൾ, മിൽമ ഉൽപ്പന്നങ്ങൾ എന്നിവ ആവശ്യാർത്ഥം ജനങ്ങളിലേക്ക് എത്തിക്കുന്ന സംവിധാനമാണ് കെ സ്റ്റോർ അഥവാ കേരള സ്റ്റോർ.
റേഷൻ കടകളുടെ പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തിയും നവീകരിച്ചും ആണ് പുതിയ സംവിധാനം നടപ്പിൽ വരുത്തുന്നത്. പൊതു ജനങ്ങൾക്ക് തങ്ങളുടെ തൊട്ടടുത്ത് കൂടുതൽ ഗുണമേന്മയുള്ള സാധനങ്ങളും സേവനങ്ങളും ലഭ്യമാകുന്നു എന്നതും, റേഷൻ ഡീലർമാർക്ക് പുതിയ പദ്ധതിയിലൂടെ കൂടുതൽ വരുമാനം ലഭ്യമാകുന്നു എന്നതും ആണ് സർക്കാരിന്റെ കെ സ്റ്റോർ പദ്ധതിയുടെ സവിശേഷത.
ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം ഷഫീർ ഷൈലജ സുധൻ, ബിന്ദു അജിത് കുമാർ, വാർഡ് കൗൺസിലർ പ്രൊഫ പി ശാന്തകുമാരി,
കെ പി ഉദയൻ, ബബിത മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു,. റേഷനിങ് ഇൻസ്പെക്ടർ ഉഷ കെ എം സ്വാഗതവും, റേഷനിങ് ഇൻസ്പെക്ടർ ബിനി കെ ആർ, നന്ദിയും പറഞ്ഞു