ഗുരുവായൂർ: ഭക്തജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ക്ഷേത്രത്തിനടുത്ത് താമസ സൗകര്യം ഒരുക്കുന്നതിനായി നവീകരണം നടത്തിയ പാഞ്ചജന്യം റെസ്റ്റ് ഹൗസ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയായിരുന്നു ചടങ്ങ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു.
ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി, കെ ആർ ഗോപിനാഥ്, മനോജ് ബി നായർ, വി.ജി രവീന്ദ്രൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പി മനോജ് കുമാർ, കെ എസ് മായാദേവി, റ്റി രാധിക, മരാമത്ത് വിഭാഗം ചീഫ് എൻജീനിയർ എം വി രാജൻ, എക്സി എൻജിനീയർ അശോക് കുമാർ, ഇലക്ട്രിക്കൽ എക്സി എൻജിനീയർ ജയരാജ്, മറ്റു ദേവസ്വം ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പത്തരക്കോടി രൂപാ എസ്റ്റിമേറ്റിൽ ആണ് പാഞ്ചജന്യം റെസ്റ്റ് ഹൗസ് നവീകരണ പ്രവൃത്തി നിർവ്വഹിച്ചത്. 105 മുറികളുണ്ട്. വാടക നിരക്കുകൾ ഭരണ സമിതിയുടെ പരിഗണനയിലാണ്.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ കെ പത്മകുമാർ,, എൻജിനീയറിങ്ങ് വിഭാഗത്തിലെ സഹപ്രവർത്തകരെയും സമർപ്പണ ചടങ്ങിൽ ആദരിച്ചു. ദേവസ്വത്തിൻ്റെ ഉപഹാരം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അവർക്ക് സമ്മാനിച്ചു.