ഗുരുവായൂർ: സമൂഹ ഭഗവദ്ഗീതാ പാരായണവും കൃഷ്ണസന്ദേശങ്ങളുമായി ഗുരുവായൂരിലെ ഗീതാസത്സംഗ സമിതി ഒരുക്കിയ 10-ാമത് ഗീതാമഹോത്സവം ഗുരുപവനപുരിയെ ഗീതാസംഗമ വേദിയാക്കി
ഗുരുവായൂർ ക്ഷേത്രത്തിൻ്റെ തെക്കെ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ഒരുക്കിയ യജ്ഞം ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മ:ശ്രീ ഡോ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. രാവിലെ 7ന് വിഷ്ണു സഹസ്ര നാമത്തോടെ ആരംഭിച്ച്, ഉച്ചക്ക് 1 മണിവരെ നീണ്ടുനിന്ന സമ്പൂർണ്ണ ഗീതാ പാരായണ വേദിയിൽ ആചാര്യയായ ഡോ ഉമാ സംഗമേശ്വരനോടൊപ്പം അമ്പതോളം വിദ്യാർത്ഥികളും അണിചേർന്നു.
രണ്ടാദ്ധ്യായങ്ങൾ ഇടവിട്ട് നടന്ന സന്ദേശ പരമ്പരയിൽ മൂകാംബികാ ക്ഷേത്രം തന്ത്രിമാരായ ഡോ നരസിംഹ അഡിഗ, ശ്രീധര അഡിഗ, ബദരീനാഥ് ക്ഷേത്രം റാവൽജി ഈശ്വരപ്രസാദ്, ഡോ കൊല്ലൂർ ഗോപാല കൃഷ്ണഭട്ട്, വിഘ്നേശ്വര അഡിഗ, ശ്രീധര അഡിഗ, പരമേശ്വര അഡിഗ, ആറ്റുകാൽ ക്ഷേത്രം പ്രസിഡണ്ട് ശോഭനകുമാരി, ഡോ ലക്ഷ്മീശങ്കർ, ശ്രുതി തേനൂർ, കർണ്ണാടകയിൽ നിന്നെത്തിയ മാസ്റ്റർ മയസ്ക്കര ഭട്ട് എന്നിവർ ഭഗവദ്ഗീതയുടെ പ്രാധാന്യം വിവരിച്ചു.
പാചകപ്പുരയിൽ ഗാനമാലപിച്ച്, ലോക ശ്രദ്ധ നേടിയ പാലക്കാട്ടുകാരൻ കൃഷ്ണൻ്റെ ഭക്തിഗാനാർച്ചന സദസ്സിൻ്റെ ഹൃദയം കവർന്നു. ആയിരത്തോളം പേർ പങ്കെടുത്ത യജ്ഞത്തിൻ്റെ സംഘാടകരായ ഗുരുവായൂർ കണ്ണൻ സ്വാമി, ആർ നാരായണൻ, ബാബുരാജ് കേച്ചേരി, മോഹൻദാസ് ചേലനാട്, ഡോ സന്തോഷ്, സിന്ധു വെങ്കിടങ്ങ് തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ അമ്പതോളം ധർമ്മ സേവികമാർ ഭക്തർക്കു വേണ്ട കുടി വെള്ളവും അന്നദാനമുൾപ്പടെയുള്ള സൗകര്യങ്ങളൊരുക്കി.