ഗുരുവായൂർ: ഭക്തജനങ്ങൾക്ക് മിതമായ നിരക്കിൽ മികച്ച താമസ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നവീകരിച്ച ഗുരുവായൂർ ദേവസ്വം പാഞ്ചജന്യം റെസ്റ്റ് ഹൗസിൻ്റെ സമർപ്പണം മന്ത്രി കെ രാധാകൃഷ്ണൻ ജനുവരി 21 ന് ഞായറാഴ്ച സമർപ്പിക്കും. ഗുരുവായൂർ ദേവസ്വം രണ്ടാം ഘട്ട ക്ഷേത്ര ധനസഹായ വിതരണവും വേദിയിൽ നടക്കുന്നതാണ്.
1981ൽ പ്രവർത്തനമാരംഭിച്ച ഗുരുവായൂർ ദേവസ്വം പാഞ്ചജന്യം റെസ്റ്റ് ഹൗസ് ആണ് പുതിക്കി പണിതിരിക്കുന്നത്. ശീതീകരിച്ച 55 മുറികൾ 3ബെഡ്ഡും, ശീതീകരിക്കാത്ത 26 മുറികൾ 3ബെഡും, 24 മുറികൾ 5ബെഡ് സംവിധാനത്തോടും കൂടി 105 മുറികളിൽ 363ബെഡ്ഡുകൾ ഉൾപ്പെടുന്ന സമുച്ചയത്തിൽ ഒരു റസ്റ്റോറന്റ്, 40ഓളം കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സംവിധാനം എന്നിവയും ഉണ്ട്. പുതുക്കിയ വാടക നിരക്കുകൾ ഭരണ സമിതിയുടെ പരിഗണനയിലാണ്. ഉച്ചക്ക് 2 മണി മുതൽ അടുത്ത ദിവസം ഉച്ചതിരിഞ്ഞ് 3 മണി വരെയാണ് സമയ ക്രമീകരണം. ഈ ഭരണസമിതി വന്നതിനു ശേഷം അറ്റകുറ്റ പണികൾ തീർത്ത് പുതുക്കി പണിയുകയായിരുന്നു. 10.50 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചിരിക്കുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ക്ഷേത്രം തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അധ്യക്ഷനാകും. എൻ കെ അക്ബർ എം എൽ എ, നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥികളായിരിക്കും. ഗുരുവായൂർ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. ദേവസ്വം ഭരണസമിതി അംഗം ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി സ്വാഗതം ആശംസിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപ പ്രകാശനം നിർവ്വഹിക്കും. അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ റിപ്പോർട്ട് അവതരിപ്പിക്കും. ദേവസ്വം ഭരണസമിതി അംഗങ്ങളായ മാനവേദരാജ, ബ്രഹ്മശ്രീ.മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ ആർ ഗോപിനാഥ്, മനോജ് ബി നായർ, വി ജി രവീന്ദ്രൻ, വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സി. മനോജ് ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തും
പാഞ്ചജന്യത്തിലെ അഞ്ച് നിലകളിലേയും മുഴുവൻ ഫ്ലോർ ടൈൽസും വോൾട് ടൈൽസും നീക്കം ചെയ്ത് നവീനരീതിയിലുള്ള ടൈൽ വിരിച്ചു. റൂമുകളിൽ മികച്ച രീതിയിൽ ഉള്ള സാനിറ്ററി ഫിറ്റിംഗ്സ് വാട്ടർ ഫീറ്റിംഗ്സ് നവീകരിച്ചിട്ടുണ്ട്. റിസപ്ഷൻ കൗണ്ടർ മികച്ച രീതിയിൽ നവീന മാതൃകയിൽ നവീകരിച്ചിട്ടുണ്ട്. റസ്റ്റോറൻ്റിൽ നവീന രീതിയിലുള്ള വാഷ്റൂം സൗകര്യങ്ങൾ, റസ്റ്റോറൻ്റ് സൗകര്യങ്ങൾ, കിച്ചൻ സൗകര്യങ്ങൾ നൽകിയിട്ടുണ്ട്. കാർ പോർച്ചിന് പുതിയ മുഖഛായ നൽകിയിട്ടുണ്ട്. കോമ്പൗണ്ടിലെ പാർക്കിങ്ങിന് തടസ്സമായിരുന്ന വാട്ടർ ടാങ്ക് പൊളിച്ചുമാറ്റി അണ്ടർ ഗ്രൗണ്ട് ടായ് ആക്കുകയും 150000 ലിറ്റർ സംഭരണശേഷി നൽകി. അതിനാൽ 40 ഓളം കാറുകൾ പാർക്കു ചെയ്യാവുന്നതാണ്. ഫയർ സേഫ്റ്റി സംവിധാനങ്ങളടക്കം അതിനൂതന സംവിധാനങ്ങൾ ഇപ്പോൾ ഒരുക്കിയതായി ദേവസ്വം അറിയിച്ചു. ചീഫ് എഞ്ചിനിയർ രാജൻ, എക്സി എഞ്ചിനീയർ അശോക് കുമാർ, അസി എക്സി എഞ്ചിനീയർ സാബു, അസി. എഞ്ചിനീയർ അശ്വതി, ഓവർസിയർമാരായ ബിന്ദു, രതി, ഹരിത എന്നിവരാണ് മേൽനോട്ട പ്രവർത്തികൾ നടത്തിയത്. ഊരാളുങ്കൾ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണ പ്രവർത്തിയുടെ കരാറുകാർ.