തിരുവനന്തപുരം: ഗായിക കെ എസ് ചിത്രയ്ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കെ എസ് ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടെന്ന് മന്ത്രി പറഞ്ഞു. രാമക്ഷേത്രം പണിയാൻ സുപ്രീം കോടതി അനുമതി കൊടുത്തതല്ലേ. വിശ്വാസമുള്ളവർക്ക് പോകാം. വിശ്വാസമില്ലാത്തവർക്ക് പോകാതിരിക്കാം. ആർക്കും അഭിപ്രായങ്ങൾ പറയാമെന്നും സജി ചെറിയാൻ വിശദമാക്കി.
അതേസമയം, കെ.എസ് ചിത്രയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ആക്രമിക്കുന്നത് ഫാസിസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചിത്രക്കെതിരെ സൈബർ ഇടത്തിൽ നടക്കുന്നത് ഫാസിസമാണെന്നും അദ്ദേഹം അറിയിച്ചു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം വിഷയത്തിൽ പ്രതികരണം നടത്തിയത്.
അയോധ്യയിൽ പ്രതിഷ്ഠാ ദിനം ജനുവരി 22ന് നടക്കുമ്പോൾ ഉച്ചയക്ക് 12.20ന് ശ്രീ രാമ, ജയ രാമ, ജയ ജയ രാമ എന്ന രാമ മന്ത്രം എല്ലാവരും ജപിച്ചു കൊണ്ടിരിക്കണം എന്ന ചിത്രയുടെ പരാമർശത്തിന് പിന്നാലെയാണ് സൈബർ ആക്രമണം വ്യാപകമായത്. അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും രാമനാമം ജപിക്കണമെന്നും കെ എസ് ചിത്ര വീഡിയോയിലൂടെ പറഞ്ഞിരുന്നു.