തൃശ്ശൂർ: മണിപ്പൂരിലെ പാപക്കറ മാതാവിന്റെ രൂപത്തില്‍ സ്വര്‍ണ കിരീടം ചാര്‍ത്തിയാല്‍ പോകില്ലെന്ന് തൃശ്ശൂര്‍ എംപി ടിഎന്‍ പ്രതാപന്‍. മണിപ്പൂരിലെ ക്രൈസ്തവര്‍ക്ക് ക്രിസ്മസിന് പള്ളിയില്‍ പോകാന്‍ പോലും കഴിഞ്ഞിട്ടില്ല. അവിടെ മാതാവിന്റെ ഒട്ടേറെ രൂപങ്ങള്‍ തകര്‍ക്കപ്പെട്ടു. തൃശ്ശൂരിലെ ആരാധനാലയങ്ങളില്‍ പ്ലാറ്റിനും കിരീടങ്ങള്‍ പോലും വരാന്‍ സാധ്യതയുണ്ടെന്നും 100 കോടി രൂപയാണ് ബിജെപി തൃശ്ശൂരില്‍ ഒഴുക്കുന്നതെന്നും പ്രതാപന്‍ പറയുന്നു.
ഇന്നലെയാണ് സുരേഷ് ഗോപിയും കുടുംബവും സ്വർണക്കിരീടം സമർപ്പിച്ചത്. ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള സ്വർണത്തിൽ പൊതിഞ്ഞ കിരീടമാണ് സമർപ്പിച്ചത്. മകളുടെ വിവാഹത്തിന് മുമ്പായി ലൂര്‍ദ് മാതാവിന് സ്വർണക്കിരീടം സമര്‍പ്പിക്കുമെന്ന് നേരത്തെ നേര്‍ച്ചയുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായാണ് സമര്‍പ്പണമെന്നുമാണ് സുരേഷ്‌ഗോപി അറിയിച്ചത്.
ബുധനാഴ്ച ഗുരുവായൂരില്‍ വെച്ചാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും ബിസിനസുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹം. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്.