ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും. രാവിലെ 7.40നാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തുക . 7.40 മുതൽ എട്ടു മണി വരെ ക്ഷേത്രത്തിലുണ്ടാകും. ശ്രീ ഗുരുവായൂരപ്പ ദർശന സായൂജ്യം നേടുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും ഉണ്ടാകും. ക്ഷേത്ര ദർശന ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. 2019 ലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിരുന്നു.
നാളെ രാവിലെ എഴുമണിയോടെ ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി രണ്ടര മണിക്കൂറോളം ഗുരുവായൂരിൽ ഉണ്ടാകും. ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിൽ നിന്നും റോഡ് മാർഗം രാവിലെ 7.15 ഓടെ ദേവസ്വം അതിഥിമന്ദിരമായ ശ്രീവൽസത്തിൽ പ്രധാനമന്ത്രി എത്തിച്ചേരും. 15 മിനിട്ട് വിശ്രമം. 7.40 ന് ക്ഷേത്രത്തിലെത്തും. ക്ഷേത്ര ദർശനത്തിനു ശേഷമാകും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുക.. രാവിലെ 9:30 ഓടെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഗുരുവായൂരിൽ നിന്ന് മടങ്ങും