തൃശൂർ: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയേക്കും. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. കൊച്ചിയിൽ ഉൾപ്പെടെ രണ്ടു ദിവസത്തെ പരിപാടികളാണ് പ്രധാനമന്ത്രിക്ക് കേരളത്തിലുള്ളത്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം ആയിരിക്കും പ്രധാനമന്ത്രി തൃപ്രയാറിലേക്ക് പോവുക. ഹെലികോപ്റ്ററില്‍ ഗുരുവായൂരില്‍ നിന്ന് വലപ്പാട് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങുന്ന മോദി റോഡ് മാര്‍ഗ്ഗമാകും ക്ഷേത്രത്തില്‍ പോവുക. ഇതിന്റെ ഭാഗമായി എസ്പിജിയും പൊലീസും, ജില്ലാ കളക്ടറും അടങ്ങുന്ന സംഘം തൃപ്രയാറില്‍ എത്തി.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സന്ദര്‍ശനത്തില്‍ തൃപ്രയാര്‍ കൂടി ഉള്‍പ്പെടുത്തിയത്. ഗുരുവായൂരിലും എസ്പിജി സംഘവും, ജില്ലാ കളക്ടറും, പോലീസും, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനുള്ള യോഗം ചേര്‍ന്നു. നേരത്തെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് 6 മണി മുതല്‍ 9 മണി വരെയുള്ള വിവാഹങ്ങളുടെ സമയം മാറ്റിയിരുന്നു.
16-ാം തിയതിയാകും മോദി കേരളത്തിലെത്തുക. അന്ന് രാത്രി കൊച്ചിയില്‍ റോഡ് ഷോയില്‍ പങ്കെടുക്കും. വില്ലിങ്ടണ്‍ ഐലന്റിലെ താജ് ഹോട്ടലിലാകും അന്ന് പ്രധാനമന്ത്രി താമസിക്കുക. 17-ാം തിയതി രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി നടനും ബിജെപി നേതാവുമായി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും പങ്കെടുക്കും.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി വരുന്നതിനെ തുടർന്ന് ഗുരുവായൂരിൽ നടത്താനിരുന്ന മറ്റ് വിവാഹങ്ങൾ മാറ്റിവച്ചുവെന്ന പ്രചരണം സോഷ്യൽ മീഡിയയിൽ ശക്തമായിരുന്നു. ഇക്കാര്യത്തിൽ വിശദീകരണവുമായി ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ രംഗത്തെത്തിയിരിന്നു. പതിനേഴാം തീയതി ഗുരുവായൂരിൽ നടത്താൻ നിശ്ചയിച്ച വിവാഹങ്ങളിൽ ഒന്നു പോലും മാറ്റിവെച്ചിട്ടില്ലെന്ന് അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കി.
അന്നേദിവസം ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന ഒരു വിവാഹം പോലും മാറ്റിവച്ചിട്ടില്ല. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തി കൊണ്ടുള്ള ക്രമീകരണം മാത്രമാണ് നടത്തുകയെന്നും ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ പറഞ്ഞു. അതല്ലാതെ പ്രചരിക്കുന്നത് പോലെ ക്ഷേത്രത്തിൽ നടത്താനിരുന്ന ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.