മുംബൈ: കോൺഗ്രസിൽ നിന്നും രാജിവച്ച് മണിക്കൂറുകൾക്ക് ശേഷംശിവസേനയിൽ ചേർന്ന് മിലിന്ദ് ദേവ്റ. കാവി പതാക സമ്മാനിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയാണ് ദേവ്‌റയെ ശിവസേനയിലേക്ക് സ്വീകരിച്ചത്. ഞായറാഴ്ച രാവിലെയാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള രാജി മിലിന്ദ് ദേവ്‌റപ്രഖ്യാപിച്ചത്. ഇത് തന്റെ രാഷ്ട്രീയ യാത്രയിലെ ഒരു സുപ്രധാന അധ്യായത്തിന്റെ സമാപനമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് എക്സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും സൗത്ത് മുംബൈയിൽ നിന്നുള്ള മുൻ എംപിയുമായ മിലിന്ദ് ദേവ്‌റ പാർട്ടിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രംഗത്തെത്തിയിരുന്നു. മിലിന്ദ് ദേവ്‌റ പാർട്ടിയിൽ ചേരാൻ തീരുമാനിച്ചാൽ ശിവസേന സ്വാഗതം ചെയ്യുമെന്നും ഏകനാഥ് ഷിൻഡെ പറഞ്ഞിരുന്നു. രാജിവച്ചതിന് പിന്നാലെ മിലിന്ദ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇന്ന് എന്റെ രാഷ്ട്രീയ യാത്രയിലെ ഒരു സുപ്രധാന അധ്യായത്തിന്റെ സമാപനമാണ്’ എന്ന് സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് അദ്ദേഹം രാജിവച്ചതായി അറിയിച്ചത്.’ പാർട്ടിയുമായുള്ള എന്റെ കുടുംബത്തിന്റെ 55 വർഷത്തെ ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ രാജിവെച്ചു. വർഷങ്ങളായി അവർ നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് എല്ലാ നേതാക്കളോടും സഹപ്രവർത്തകരോടും കാര്യകർത്താക്കളോടും ഞാൻ നന്ദിയുള്ളവനാണ്,’ മിലിന്ദ് ദേവ്‌റ വ്യക്തമാക്കി.