ഗുരുവായൂര്‍: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി മോദി എത്തുന്ന 17ന് ഗുരുവായൂരില്‍ നടക്കുന്ന മറ്റ് വിവാഹങ്ങളുടെ സമയം മാറ്റുന്നു.രാവിലെ ഏഴിനും ഒമ്ബതിനും മധ്യേ നടക്കേണ്ട വിവാഹങ്ങള്‍ നേരത്തെയാക്കാനാണ് ശ്രമിക്കുന്നത്. വിവാഹ സംഘങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് സമയം മാറ്റുന്നത്.
17ന് ഗുരുവായൂർ ക്ഷേത്രത്തിൽ 65 വിവാഹങ്ങളാണ് ശീട്ടാക്കിയിട്ടുള്ളത്. 17ന് രാവിലെ വരെ ശീട്ടാക്കാൻ അവസരമുണ്ട്. വിവാഹങ്ങളുടെ എണ്ണം ഇനിയും ഉയരാം. 17ന് നടക്കേണ്ട 65 വിവാഹങ്ങളില്‍ 12 എണ്ണമാണ് രാവിലെ ഏഴിനും ഒമ്ബതിനും മധ്യേയുള്ളത്. 8.45നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം.അതിന് മുമ്ബായി എട്ടോടെ മോദി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.വിവാഹങ്ങൾ ബുദ്ധിമുട്ടില്ലാതെ നടത്താനുള്ള ക്രമീകരണം ദേവസ്വവും പൊലീസും ആലോചിക്കുന്നുണ്ട്.
ക്ഷേത്ര ദർശനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന പ്രധാനമന്ത്രി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും മാവേലിക്കര സ്വദേശി ശ്രേയസ് മോഹനുമായുള്ള വിവാഹത്തിൽ പങ്കെടുക്കുന്നതിന് കിഴക്കെ നടപ്പന്തലിലെ കല്യാണ മണ്ഡപത്തിലെത്തും. വിവാഹത്തിൽ പങ്കെടുക്കുന്നതിന് മുമ്പായി വസ്ത്രം മാറുന്നതിന് പ്രത്യേക കാരവൻ തയ്യാറാക്കി നിറുത്താൻ സുരേഷ് ഗോപി ആഗ്രഹം അറിയിച്ചിട്ടുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ക്ഷേത്രത്തിനു മുന്നിൽ നടക്കുന്ന താലികെട്ട് ചടങ്ങിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി കൊച്ചിയിലേക്കു പോകും. ഡി.ഐ.ജി: അജിത ബീഗം, സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സുരക്ഷാ പരിശോധനകൾ ആരംഭിച്ചു.. 12ന് സ്‌പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പുമെത്തും..
കനത്ത സുരക്ഷ
പ്രധാനമന്ത്രി എത്തുന്നതിന് മുമ്പായി ഭക്തരെ ഒരു മണിക്കൂറെങ്കിലും ക്ഷേത്രത്തിൽ നിന്നും പൂർണമായും ഒഴിവാക്കും. 2019ൽ രണ്ടാം വട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നരേന്ദ്ര മോദിയുടെ ആദ്യ പൊതുപരിപാടി ഗുരുവായൂരിലായിരുന്നു. 2019 ജൂൺ എട്ടിന് ക്ഷേത്രദർശനം കഴിഞ്ഞ് ശ്രീകൃഷ്ണ ഹൈസ്‌കൂൾ ഗ്രൗണ്ടിലായിരുന്നു സമ്മേളനം.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ 2008 ജനുവരി 13നു മോദി ഗുരുവായൂരിൽ ദർശനം നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിവാഹത്തിൽ പങ്കെടുക്കുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും പൊലീസിന് അറിയിപ്പ് ലഭിച്ചിട്ടില്ല. ചില കേന്ദ്രമന്ത്രിമാരും ഗവർണർമാരും എത്താൻ സാദ്ധ്യതയുണ്ട്. രാവിലെ ആറു മുതൽ പ്ര ധാനമന്ത്രി മടങ്ങുന്നതു വരെ ക്ഷേത്രത്തിലേക്ക് ആരെയും പ്രവേശി പ്പിക്കില്ല. ഭക്തർക്ക് തടസമാകാതിരിക്കാൻ കഴിഞ്ഞ തവണ 14 മിനിറ്റ് കൊണ്ട് ദർശനം പൂർത്തിയാക്കി മോദി ക്ഷേത്രത്തിനു പുറത്ത് കടന്നിരുന്നു.
.