ഡിജിപി ഓഫീസിലേക്കുള്ള കോൺഗ്രസ് മാർച്ച് അക്രമാസക്തം. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത മാർച്ചിലേക്ക് പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. തുടർന്ന് മാർച്ച് അക്രമാസക്തമാവുകയും പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിയുകയും ഉണ്ടായി. മാർച്ച് സംഘർഷത്തിലേക്ക് നീങ്ങിയതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു.
പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംസാരിച്ചുകൊണ്ടിരിക്കെയാണ് പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചത്. ഇതിനിടെ കെപിസിസി അധ്യക്ഷൻ കെ സുധാകരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് നടപടിയെ രൂക്ഷമായാണ് പ്രതിപക്ഷ നേതാക്കൾ വിമർശിച്ചത്.
കെ സുധാകരനെ ലക്ഷ്യം വെച്ചാണ് പൊലീസ് നടപടിയെന്ന് ഗുരുതര ആരോപണം മാത്യു കുഴൽനാടൻ ഉന്നയിച്ചു. മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് ടിയർഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചതെന്നും ആസൂത്രണമായാണ് നടപടിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. മുഖ്യമന്ത്രി പൊലീസ് ഗുണ്ടകളെ ഉപയോഗിച്ച് കായികമായി ആക്രമിക്കുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. പ്രകോപനമില്ലാതെയായിരുന്നു പൊലീസ് നടപടിയെന്ന് ശശി തരൂർ പറഞ്ഞു.
എംഎം ഹസന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ സ്ഥലത്ത് നിന്ന് മാറ്റിയിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് നടപടിയെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്. കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് സംഘടിച്ച് പ്രതിഷേധിക്കുകയാണ്. പോലീസിന്റെ ആക്രമണങ്ങൾക്ക് പിന്നാലെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം.