ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച വൈകുണ്ഠ ഏകാദശി ആഘോഷിക്കും. ക്ഷേത്രത്തിൽ ഗുരുവായൂർ ബ്രാഹ്മണസമൂഹം വക പൗരാണിക ചുറ്റുവിളക്ക് വഴിവാട് നടക്കും. ഏകാദശി വ്രതാനുഷ്ഠാന ത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്കെല്ലാം രാവിലെ പ്രാതലിന് ഗോതമ്പ് ഉപ്പുമാവും ഉച്ചയ്ക്ക് ഗോതമ്പ് ചോറ്, രസകാളൻ, പുഴുക്ക്, ഗോതമ്പ് പ്രഥമൻ എന്നിവയോടെ പ്രത്യേകം പ്രസാദ ഊട്ട് നൽകും.
കിഴക്കൂട്ട് അനിയൻ മാരാരുടെ നേത്യത്വത്തിൽ വിശേഷാൽ മേളവും വൈകീട്ട് തായമ്പകയും രാത്രി ഇടയ്ക്ക പ്രദക്ഷിണവും ഉണ്ടാകും. മമ്മിയൂർ ക്ഷേത്രത്തിൽ ബ്രാഹ്മണ സമൂഹം വക പ്രസാദ ഊട്ട്, ദീപാലങ്കാരം, തിരുവെങ്കിടം, പാർത്ഥസാരഥി, പെരുന്തട്ട ശിവക്ഷേത്രം, പന്തായിൽ അയ്യപ്പ ക്ഷേത്രം, നാരായണകുളങ്ങര ഭഗവതി ക്ഷേത്രം, പുന്നത്തൂർ ക്ഷേത്രം എന്നിവിടങ്ങളിലും ദേവസ്വം ഗണപതി ക്ഷേത്രത്തിലും അലങ്കാരങ്ങളും ചുറ്റു വിളക്കും ഉണ്ടാകും. തെക്കെ ബ്രാഹ്മണ സമൂഹത്തിൽ നിന്നും സന്ധ്യക്ക് നാദസ്വരത്തിന്റെ അകമ്പടിയോടെ ഗുരുവായൂർ ക്ഷേത്ര സന്നിധിയിലേക്ക് രഥ ഘോഷയാത്ര, നാണയപ്പറ സമർപ്പണം എന്നിവ കഴിഞ്ഞ് കിഴക്കെ സമൂഹ മഠത്തിലെത്തും. മേൽപത്തൂർ ഓഡിറ്റാറിയത്തിൽ രാവിലെ മുതൽ ബ്രാഹ്മണ സമൂഹം കുടുംബാംഗങ്ങളുടെ തിരുപ്പാവൈ, മംഗളവാദ്യം, അഷ്ടപദി, നാമസംകീർത്തനം, സംഗീതകച്ചേരി, കൃഷ്ണ ലീല ഹരികഥ, ഡാൻസ്, ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കോലാട്ടം, വിഷ്ണു സഹസ്രനാ മ മാഹാത്മ്യം പ്രഭാഷണം, ഡോ.ശോഭന സ്വാമി നാഥന്റെ നേതൃത്വത്തിൽ വീണക്കച്ചേരി, കോയമ്പത്തൂർ ടെമ്പിൾ ഓഫ് ലൈൻ ആർട്സ് അവതരിപ്പിക്കുന്ന നുത്ത പരിപാടി എന്നിവയും നടക്കും.