ഗുരുവായൂർ: ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ പാനയോഗത്തിൻ്റെ മണ്ഡലമാസ നിറവിൽ ഒരുക്കിയ വെള്ളരിപൂജ (പാന) അത്യന്തം ആഘോഷപൂരിതമായി. മണ്ഡല കാലത്തിന് തുടക്കം കുറിച്ച് മാസം ഒന്ന് തികഞ്ഞ ധനു ഒന്നിന് തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ തിരുവെങ്കിടം പാനയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ വെള്ളരിപൂജ (പാന) ആദ്ധ്യാത്മിക, ആഘോഷ നിറവോടെ ഭക്തി സാന്ദ്രമായി.
ക്ഷേത്രത്തിൽ ദീപാരാധനയ്ക്ക് ശേഷം പാനയോഗം കലാകാരന്മാരും, അറിയപ്പെടുന്ന വാദ്യ പ്രതിഭകളുമായവരുടെ നേതൃത്വത്തിൽ വാദ്യ പ്രേമികൾക്കും, ഭക്തർക്കും ഹരവും, ആഹ്ലാദവും, ആവേശവും പകർന്ന് അരങ്ങേറിയ തായമ്പകയ്ക്ക് വാദ്യ വിദ്വാൻ ഗുരുവായൂർ ഷൺമുഖൻ മുഖ്യ പ്രമാണം നൽകി. കോട്ടപ്പടി രാജേഷ് മാരാർ, ശ്യാമളൻ ഗുരുവായൂർ, (ഇടം തല) ഉണ്ണിക്കൃഷ്ണൻ എടവന, ശിവൻ അരികന്നിയൂർ, (വലം തല) പ്രഭാകരൻ മുത്തേടത്ത്, പി സൻജു, മാസ്റ്റർ അദ്വൈത് (ഇലത്താളം ) എന്നിവരും തായമ്പകയിൽ സഹ വാദ്യകാരായി അണിനിരന്നു.
പാട്ട് പന്തലിലെ പാന ചടങ്ങുകൾക്ക്, ഗുരുവായൂർ ജയപ്രകാശ്, രാജൻ കോക്കുർ, ടി കേശവദാസ്, ഹരിനാരായണൻ കുട്ടത്ത് (പൂജാകർമ്മി) എന്നിവരും പൂജ- വാദ്യ- പാട്ട് – ചാട്ടം തുടങ്ങിയ വേളകളുമായി സാരഥ്യവും നൽകി.
ആദ്ധ്യാത്മിക, അനുഷ്ഠാന, അലങ്കാര തിമിർപ്പിൽ തീർത്ത വെള്ളരി പൂജാ ആഘോഷത്തിന് പാനയോഗം ഭാരവാഹികളായ ബാലൻ വാറണാട്ട്, പ്രീത എടവന, മുരളി അകമ്പടി, മോഹനൻ കുന്നത്തൂർ എന്നിവർ നേതൃത്വവും നൽകി. അന്നദാനവുമുണ്ടായിരുന്നു.
മണ്ഡലകാല സമാപന ദിനമായ ഡിസംബർ 27ന് ക്ഷേത്രത്തിലെ ചെറുതാലപ്പൊലി ആഘോഷ ദിനം വരെ വെള്ളരിപൂജ (പാന) വഴിപാടായി ശീട്ടാക്കി നടത്തുന്നതിന് ഭക്തർക്ക് അവസരവുമുണ്ട് – മഹാദേശ പൊങ്കാലയും ചെറുതാലപ്പൊലി ദിവസമായ ഡിസംബർ 27 ന് തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഭക്ത്യാധരപൂർവം നടത്തപ്പെടുന്നതുമാണ്.