ഗുരുവായൂർ: ഗുരുവായൂർ റെയിൽവെ മേൽപാലം യാഥാർത്യമായതിന്റെ അടിസ്ഥാനത്തിൽ, തിരുവെങ്കിടം അടിപ്പാത നിര്‍മ്മാണം, ഗുരുവായൂര്‍ മേല്‍പ്പാലത്തിന് താഴെയുള്ള സ്ഥലത്തെ ബ്യൂട്ടിഫിക്കേഷന്‍ എന്നിവ സംബന്ധിച്ച് ഗുരുവായൂര്‍ എം എല്‍ എ എന്‍ കെ അക്ബറിന്‍റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
ഗുരുവായൂര്‍ മേല്‍പ്പാലവുമായി ബന്ധപ്പെട്ട് ബാക്കിയുള്ള ഡ്രെയിനേജ് നിര്‍മ്മാണം , ടൈലിംഗ്, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നാളെ മുതല്‍ ആരംഭിക്കുന്നതാണെന്ന് ആര്‍ ബി ഡി കെ എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. ഗുരുവായൂര്‍ മേല്‍പ്പാലത്തിനോട് ചേര്‍ന്ന സര്‍വ്വീസ് റോഡില്‍ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനുള്ള ക്രമീകരണം നടത്തുന്നതിനും പാര്‍ക്കിംഗ് നിരോധിക്കുന്നതിനും ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍, റിഫ്ലക്റ്ററുകള്‍ എന്നിവ സ്ഥാപിക്കാനും പോലിസിനും നഗരസഭക്കും നിര്‍ദ്ദേശം നല്‍കി.
മേല്‍പ്പാലത്തിന്‍റെ അടിഭാഗത്ത് ഓപ്പണ്‍ ജിം, പാര്‍ക്കിംഗ്, ബ്യൂട്ടിഫിക്കേഷന്‍ തുടങ്ങിയവയുടെ എസ്റ്റിമേറ്റ് അടിയന്തിരമായി സമര്‍പ്പിക്കുന്നതിന് നഗരസഭ അസി.എക്സി.എഞ്ചിനീയറോട് എം.എല്‍.എ ആവശ്യപ്പെട്ടു. തിരുവെങ്കിടം അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെ- റെയില്‍ 4.72 കോടിയുടെ എസ്റ്റിമേറ്റ് റെയില്‍വേ ഫിനാന്‍സ് വിഭാഗത്തിന്‍റെ അനുമതിക്കായി അയച്ചിട്ടുള്ളതാണെന്ന് യോഗത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ എത്രയും വേഗം അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് കെ- റെയില്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ പി ജയകുമാറിനോട് എം എല്‍ എ ആവശ്യപ്പെട്ടു. തിരുവെങ്കിടം അടിപ്പാതയുടെ അപ്രോച്ച് റോഡിന് ഗുരുവായൂര്‍ ദേവസ്വം സ്ഥലം നല്‍കിയതിനെതിരെയുള്ള പരാതിയില്‍ എത്രയും വേഗം നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് എം എല്‍ എ ദേവസ്വത്തിന് നിര്‍ദ്ദേശം നല്‍കി.
യോഗ നടപടികള്‍ക്ക് ശേഷം എം.എല്‍.എ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് എന്നിവര്‍ മേല്‍പ്പാലത്തിന്‍റെ അടിവശത്ത് ഏര്‍പ്പെടുത്തേണ്ട സൌകര്യങ്ങള്‍ സംബന്ധിച്ച് സ്ഥല സന്ദര്‍ശനം നടത്തി. അവലോകന യോഗത്തില്‍ ഗുരുവായൂര്‍ നഗരസഭ സെക്രട്ടറി അഭിലാഷ്, ഗുരുവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രമാനന്ദന്‍, നഗരസഭ എഞ്ചിനീയര്‍ ഇ ലീല, ആര്‍ ബി ഡി സി കെ എഞ്ചിനീയര്‍ ആഷിദ്, ദേവസ്വം എഞ്ചിനീയര്‍ അശോക്, റൈറ്റ്സ്, കരാര്‍ കമ്പനി പ്രതിനിധികള്‍, വിവിധ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.