ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സംരംഭകത്വ ബോധവല്‍ക്കരണ ശില്പശാല കെ ദാമോദരന്‍ ലൈബ്രറി ഹാളില്‍ ചേര്‍ന്നു. നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ എം ഷെഫീര്‍ സ്വാഗതവും, കൗണ്‍സിലര്‍ കെ പി ഉദയന്‍ ആശംസകള്‍ നേർന്നു. താലൂക്ക് വ്യവസായ ഓഫീസര്‍ ഷൈമ ബീവി, വ്യവസായ ഓഫീസര്‍ ബിന്നി വി സി, ജി എസ് ടി ഓഫീസര്‍ പി എന്‍ വിവേക് എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകള്‍ എടുത്തു. ഗുരുവായൂരിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുളള 60 ഓളം സംരംഭകര്‍ ശില്പശാലയില്‍ പങ്കെടുത്തു.
സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്കുവേണ്ട ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി നല്‍കുകയും വഴി നഗരസഭ പ്രദേശത്ത് നിരവധി ചെറുതും വലുതുമായ സംരംഭങ്ങള്‍ ആരംഭിക്കുകയും അതിലൂടെ അനേകം പേര്‍ക്ക് ജോലി ലഭിക്കുകയും ചെയ്തു. സംരംഭകത്വ സൗഹൃദ നഗരമായി മാറിയ ഗുരുവായൂര്‍ നഗരസഭ കഴിഞ്ഞവര്‍ഷം ഈ മേഖലയില്‍ കൈവരിച്ച ചരിത്ര നേട്ടം ഈ വര്‍ഷവും ആവര്‍ത്തിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.