ഗുരുവായൂർ: ഏകാദശി ദിവസം നടത്തിവരാറുള്ള ഉദയാസ്തമന പൂജ മാറ്റരുതെന്ന് പണിക്കർ സർവ്വീസ് സൊസൈറ്റി. ഏകാദശി ദിവസം തുടർന്നു വരുന്ന ഉദയാസ്തമന പൂജ ദ്വാദശിയിലേക്ക് മാറ്റുന്നത് ആചാര ലംഘനവും ദേവഹിതത്തിന് എതിരുമാണ്. നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള ആചാരങ്ങളെ രഹസ്യ യോഗം ചേർന്ന് മാറ്റി മറിക്കപ്പെടുന്നത് ഭക്തരോടുള്ള വഞ്ചനയാണെന്നും ജ്യോതിഷ സംഘടന അഭിപ്രായപ്പെട്ടു. അങ്ങനെ മാറ്റണ മെന്നുണ്ടെങ്കിൽ ക്ഷേത്ര സന്നിധിയിൽ വെച്ച് ജ്യോതിഷ പണ്ഡിതന്മാരെ വിളിച്ച് ദേവപ്രശ്നം നടത്തി ദേവഹിതം അറിഞ്ഞ് മാറ്റാവുന്നതാണെന്നാണ് സംഘടനയുടെ അഭിപ്രായം. ഗുരുവും വായുവും ചേർന്ന് ഭഗവാനെ പ്രതിഷ്ഠിച്ച ദിവസമാണ് ഉത്ഥാന ഏകാദശിയായി അറിയപ്പെടുന്നതെന്ന പ്രത്യേകതയും ഈ ദിനത്തിനുണ്ട്. ഗുരുവായൂർ ഏകാദശി ദിനത്തിൽ നൂറ്റാണ്ടുകളായി നടന്നു വരുന്ന ഉദയാസ്തമന പൂജ മാറ്റുന്നത് ദേവ ചൈതന്യത്തെ ദോഷകരമായി ബാധിച്ചേക്കുമെന്നും ഇവർ ആശങ്ക പ്രകടിപ്പിച്ചു.
പണിക്കർ സർവ്വീസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ ബേപ്പൂർ മുരളീധരൻ പണിക്കർ, ജ്യോതിഷ സഭാ ചെയർമാൻ വിജീഷ് പണിക്കർ,സെക്രട്ടറി മൂലയിൽ മനോജ് പണിക്കർ തുടങ്ങിയവർ സംസാരിച്ചു.