ഗുരുവായൂർ: പുണ്യ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോസവത്തിന് തുടക്കമായി. അടുത്ത പതിനാല് ദിനങ്ങൾ ഗുരുപവനപുരി സംഗീതസാന്ദ്രമാകും.
ക്ഷേത്രത്തിൽ നിന്നും കൊളുത്തിയ ദീപം ചെമ്പൈ സംഗീത മണ്ഡപത്തിലെത്തിച്ച് നിലവിളക്കിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് തിരിതെളിയിച്ചതോടെയാണ് സംഗീതാർച്ചന തുടങ്ങിയത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.
നേരത്തെ ചെമ്പൈ സ്വാമികൾ ഉപയോഗിച്ചിരുന്ന തംബുരു ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ചെമ്പൈ സബ് കമ്മറ്റി അംഗങ്ങൾ എന്നിവർ തെക്കേ നടയിൽ വെച്ച് ഏറ്റുവാങ്ങി രാവിലെ തന്നെ മേൽപുത്തൂർ ആഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ സ്ഥാപിച്ചിരുന്നു. സംഗീതാർച്ചനയുടെ ആദ്യം ക്ഷേത്രം അടിയന്തിരക്കാർ മംഗളവാദ്യം അവതരിപ്പിച്ചു.
തുടർന്ന് 2023 വർഷത്തെ ശ്രീഗുരുവായുരപ്പൻ |ചെമ്പൈ പുരസ്കാരം നേടിയ പദ്മഭൂഷൺ മധുരൈ ടി.എൻ.ശേഷ ഗോപാലൻ സംഗീത കച്ചേരി നടത്തി. കോഴിക്കോട് സ്വദേശി സുഗതകുമാരിയാണ് ആദ്യം സംഗീതാർച്ചന നടത്തിയത്.