ഗുരുവായൂർ: ജാതി മത ചിന്തകൾക്കതീതമായ ധർമ്മ സങ്കൽപമായിരുന്നു ഷിർദ്ദി സായിബാബയുടെ ദർശനം. മത വൈരങ്ങൾക്കുള്ള മറുപടിയാണ് ഷിർദ്ദി സായിബാബ മുന്നോട്ടുവച്ച ആത്മീയ പന്ഥാവ് എന്ന് ദക്ഷിണ ഭാരത വിശ്വകർമ്മ കുല പീഠാധിശ്വർ സദ് ഗുരു ദണ്ഡി സ്വാമി സാധു കൃഷ്ണനന്ദ സരസ്വതി മഹരാജ് പറഞ്ഞു.ഷിർദ്ദി സായിബാബ മഹാസമാധി പുണ്യ തിഥി സദസ്സ് ഗുരുവായൂർ സായി മന്ദിരത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലത്ത് 6 ന് ബാബ വിഗ്രഹത്തിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഹാരം അണിയിച്ച് സമാധി ദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ഓം കാരം , സുപ്രഭാതം, വിദ്യാരംഭം എന്നിവക്ക് മൗനയോഗി ഹരിനാരായണൻ നേതൃത്വം നൽകി സമാധിദിന സന്ദേശം നൽകി. തുടർന്ന് 10 മണിക്ക് നടന്ന ചടങ്ങിൽ മഹാ ആവാഹൻ അഖാഡ മഹന്ത് സുന്ദർ ഗിരി മഹരാജ്, മഹന്ത് സുദർശൻ ഗിരി മഹരാജ് എന്നീ നാഗസന്യാസിമാർ മുഖ്യാതിഥികളായി.
രാധാകൃഷ്ണൻ കാക്കശ്ശേരി, വന്നേരി ഗോപിനാഥ്, വേട്ടേക്കരൻ കോമരം ശ്രീരാമചന്ദ്രൻ , എന്നിവരെ ചടങ്ങിൽ ആദരിച്ചു. സമാധിസ്മരണക്കായി സജീവൻ സ്വാമി പേരാൽ നട്ടുപിടിപ്പിച്ചു. ഹിമാലയസാനുകളിൽ നിന്നും കൊണ്ടുവന്ന പഞ്ചമുഖ രുദ്രാക്ഷം എല്ലാവർക്കും പ്രസാദമായി നൽകി..
തുടർന്ന് കുമാരി സായി ശ്രീ മേനോൻ ,സായി ലക്ഷ്മി, അനഘ സുരേഷ്, അഭിരാമി അനിൽ എന്നിവരുടെ നൃത്ത്യങ്ങൾ, ദേവിസ്തുതി എന്നിവ ഉണ്ടായി. അന്നദാനം, സേവന പ്രവർത്തനങ്ങൾ, സമാധി പൂജ, ഭജൻസ് എന്നിവക്ക് അരുൺ നമ്പ്യാർ, സബിത രഞ്ജിത് , രാമദാസ് ആലത്തി, തുടങ്ങിയവർ നേതൃത്വം നൽകി.
ജനാർദ്ദനൻ കോമത്ത് , ഫിറോസ് ,പി. തൈ പറമ്പിൽ, അഡ്വ. മുള്ളത്ത് വേണുഗോപാൽ എന്നിവർ സംസാരിച്ചു.