തൃശ്ശൂർ: ഗുരുവായൂർ മേൽപ്പാലം വിഷയത്തിൽ ഗുരുവായൂർ എം.എൽ.എ അക്ബർ കഥയറിയാതെ ആട്ടം കാണുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ പറഞ്ഞു.
ഗുരുവായൂർ മേൽപ്പാലം നിർമ്മാണത്തിൽ കേന്ദ്ര സംസ്ഥാന വിഹിതങ്ങളെ സംബന്ധിച്ച് എം.എൽ.എയ്ക്ക് യാതൊരു അറിവുമില്ല. മേൽപ്പാലത്തിൻ്റെ പണിയുടെ മുഴുവൻ ചെലവും സംസ്ഥാനമാണ് വഹിക്കുന്നതെന്ന് എം.എൽ.എ ഇത്രനാളും പ്രചരിപ്പിച്ചത് സ്വന്തം മണ്ഡലത്തിൽ കേന്ദ്രവും സംസ്ഥാനവും ചേർന്ന് നടത്തുന്ന വികസന പദ്ധതിയെക്കുറിച്ച് യാതൊരു അറിവും ഇല്ലാത്തത് കൊണ്ടാണ്. റെയിൽവേ ട്രാക്കിന് മുകളിലുള്ള ഗർഡർ സ്ഥാപിക്കാനുള്ള രണ്ടരക്കോടി പൂർണ്ണമായും റെയിൽവേയാണ് വഹിക്കുന്നത്.കൂടാതെ ഓവർബ്രിഡ്ജിന് ചെലവാകുന്ന 22 കോടിയുടെ പകുതിയും പണി പൂർത്തിയായി കണക്ക് നൽകിയാൽ കേന്ദ്രം നൽകും. കോസ്റ്റ് ഷെയറിംങ്ങ് രീതിയിൽ തുല്യപങ്കാളിത്തത്തോടെയാണ് ഗുരുവായൂർ മേൽപ്പാലം നിർമ്മിക്കുന്നത്. ഗർഡർ സ്ഥാപിക്കാനും പണി വേഗത്തിലാക്കാനും ശ്രീ സുരേഷ് ഗോപി നിരന്തരം ഇടപെട്ടിരുന്നെന്ന റെയിൽവേ ഡിവിഷണൽ മാനേജരുടെ വെളിപ്പെടുത്തലോടെ ഗുരുവായൂർ എം.എൽ.എ യുടെ സംശയരോഗം മാറിക്കാണുമെന്ന് പ്രത്യാശിക്കുന്നു.
കേന്ദ്രത്തിന് തുല്യപങ്കാളിത്തമുള്ള പദ്ധതിയുടെ ഉദ്ഘാടനത്തിന് കേന്ദ്രത്തെ ഒഴിവാക്കി മുഖ്യമന്ത്രി ഒറ്റയ്ക്ക് നടത്തുന്നത് വികസന പദ്ധതികളുടെ ക്രെഡിറ്റ് ഒറ്റയ്ക്ക് അടിച്ചെടുക്കാനുള്ള അല്പബുദ്ധിയുടെ ഭാഗമാണെന്നും അനീഷ്കുമാർ പറഞ്ഞു.