ഗുരുവായൂർ: കുത്തിയിരിപ്പ്, ചർച്ച, പോർവിളി, വാക്കേറ്റം, പിരിച്ചു വിടൽ. ശനിയാഴ്ച നഗരസഭാ കൗൺസിലിൽ സംഘർഷത്തിന്റെ അന്തരീക്ഷമായി. ചാമുണ്ഡേശ്വരി റോഡിലെ കുഴിയിൽ വീണ് പരുക്ക് പറ്റിയ വാർഡിലെ ഒരംഗത്തിന്റെ അനുഭവം അജൻഡ തുടങ്ങുന്നതിനു മുൻപ് മുൻ ചെയർപഴ്സനും മുതിർന്ന അംഗവുമായ പ്രൊ പി കെ ശാന്തകുമാരി അവതരിപ്പിച്ചു. റോഡ് ഉടൻ നേരെയാക്കണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാർഡ് ഉയർത്തി ശാന്തകുമാരി അധ്യക്ഷയുടെ ചേംബറിനു മുന്നിൽ കുത്തിയിരുന്നു.
എല്ലാ വാർഡിലെയും റോഡുകൾ മോശമാണെന്നു കോൺഗ്രസിലെ കെ പി എ റഷീദും പരിഹാരം ഉടൻ ഉണ്ടാക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ പി ഉദയനും ആവശ്യപ്പെട്ടു. കഴിഞ്ഞ കൗൺസിലിൽ ഈ വിഷയം ചർ ച്ച ചെയ്തതാണെന്ന് സ്ഥിരംസമിതി അധ്യക്ഷൻ എ എം ഷഫീർ പറഞ്ഞു. ചർച്ച തുടരവേ ഭരണപക്ഷത്തെ ചിലർ പ്രതിപക്ഷത്തിന് അടുത്തേക്ക് കൈ ചുണ്ടിക്കൊണ്ട് രണ്ടു വട്ടം എത്തി. പ്രതിപക്ഷത്തെ കെ എം മെ ഹ്റൂഫ് സംസാരിച്ചു തുടങ്ങിയപ്പോൾ ഭരണപക്ഷത്ത് നിന്ന് തടസ്സപ്പെടുത്തലുണ്ടായി. കോൺഗ്രസിലെ സി എസ് സൂരജും വി കെ സുജിത്തും ചോദ്യങ്ങളുമായി എഴുന്നേറ്റു. ഇതോടെ ഭരണപക്ഷത്തെ 3 അംഗങ്ങൾ പ്രതിപക്ഷത്തിനു നേരെ പോർവിളിയുമായി ഓടിയടുത്തു. ഇതോടെ പ്രതിപക്ഷ നേതാവ് കെ പി ഉദയനും ബി വി ജോയിയും അടക്കം മുണ്ട് മടക്കി കുത്തി മുന്നോട്ട് വന്നതോടെ സംഘർഷ സ്ഥിതിയായി.
സി പി എമ്മിലെ ആർ വി ഷെരീഫ് ഇടപെട്ട് സ്ഥിതി ശാന്തമാക്കിയെങ്കിലും അധ്യക്ഷയായിരുന്ന വൈസ് ചെയർപഴ്സൻ അനിഷ്മ ഷനോജ് എല്ലാ അജൻഡകളും പാസായതായി അറിയിച്ച് യോഗം പിരിച്ചുവിട്ടു. വൈസ് ചെയർപഴ്സന്റെ നടപടിയിൽ ആർ വി ഷെരീഫ് അതൃപ്തി പ്രകടിപ്പിച്ചു. ബഹുനില പാർക്കിങ് സമുച്ചയം, തിരുവെങ്കിടം അടിപ്പാത, ശബരിമല സീസൺ ഒരുക്കങ്ങൾ എന്നീ സുപ്രധാന അജൻഡകൾ ചർച്ച ചെയ്യാതിരിക്കാൻ മനഃപൂർവം ബഹളമുണ്ടാക്കി കൗൺസിൽ പിരിച്ചു വിട്ടതാണെന്നു പ്രതിപക്ഷ നേതാവ് കെ പി ഉദയൻ ആരോപിച്ചു.
ചെയർമാൻ എം കൃഷ്ണദാസ് അവധി ആയിരുന്നു. സി പി ഐയുടെ വൈസ് ചെയർമാൻ കൗൺസിൽ നയിക്കുമ്പോൾ സി പി എമ്മിലെ ചിലർ പ്രശ്നം സൃഷ്ടിക്കുന്നതു മനഃപൂർവമാണന്നു സിപിഐ അംഗങ്ങൾക്കിടയിൽ ചർച്ചയുണ്ടായി.