ഗുരുവായൂർ: ഗോകുലം ഇന്റർ സ്കൂൾ കലോത്സവം “നവരസ 2023 ” ഗുരുവായൂർ ഗോകുലം പബ്ലിക് സ്കൂളിൽ സമാപിച്ചു. വിവിധ ഗോകുലം സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം പ്രതിഭകൾ രണ്ട് ദിവസങ്ങളിലായുള്ള കലോത്സവത്തിൽ മാറ്റുരച്ചു.
ഗുരുവായൂരിന്റെ ഗ്രാമോത്സവം ആയി മാറിയ പരിപാടിക്ക് നേതൃത്വം നൽകിയത് പത്മശ്രീ കലാമണ്ഡലം ഗോപിയാശാൻ അധ്യക്ഷനായുള്ള ആയിരത്തൊന്ന് അംഗ സ്വാഗത സംഘം ആയിരുന്നു. വടകരയിൽ നിന്നും ഗോകുലം ഗോപാലൻ തിരിതെളിയിച്ച കലാ ദീപം വിവിധ ഗോകുലം സ്കൂളുകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മഹാ റാലിയായി ഗുരുവായൂരിൽ എത്തുകയായിരുന്നു. സമാപന സമ്മേളനം ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു.
സിനിമ താരങ്ങളായ അസ്കർ അലി, മാളവിക മേനോൻ, മനോജ് കെ യു., റിപ്പോർട്ടർ ചാനൽ ചെയർമാനായ ആന്റോ അഗസ്റ്റിൻ എന്നിവർ വിശിഷ്ടാതിഥികളായി. ആവേശോജ്വലമായ പോരാട്ടത്തിൽ കോഴിക്കോട് ഗോകുലം സ്കൂൾ ഒന്നാം സ്ഥാനവും ഗുരുവായൂർ ഗോകുലം സ്കൂൾ രണ്ടാം സ്ഥാനവും വടകര ഗോകുലം സ്കൂൾ മൂന്നാം സ്ഥാനവും നേടി.
കലാമണ്ഡലം സരസ്വതി ടീച്ചർ അനുഗ്രഹിച്ചു നൽകിയ ചിലങ്ക ആറ്റിങ്ങൽ ഗോകുലം സ്കൂൾ വിദ്യാർത്ഥിനി ദ്രുപ എ ദർശിന് ലഭിച്ചു. കലാതിലകമായി കോഴിക്കോട് ഗോകുലം വിദ്യാർഥിനി രുദ്ര ലക്ഷ്മിയും കലാപ്രതിഭയായി ഗുരുവായൂർ ഗോകുലം വിദ്യാർത്ഥി ജഗൻ ശ്യാം ലാലും തെരഞ്ഞെടുക്കപ്പെട്ടു.
എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ്, ഗുരുവായൂർ നഗരസഭ കൗൺസിലർ മഹറൂഫ്, അഡ്വക്കേറ്റ് രവി ചങ്കത്ത്, എന്നിവർ സംസാരിച്ചു. ശ്രീ ഗോകുലം ചിറ്റ് ഫണ്ട്സ് ഡയറക്ടർ എം ശങ്കരൻ, ഗോകുലം ഹോട്ടൽ ശൃംഖലകളുടെ ജനറൽ മാനേജർ ജയറാം ആർ., വിവിധ കമ്മറ്റി ചെയർമാൻമാരായ ശ്രീബിത ഷാജി, ലിസി വർഗീസ്, റെജി വിളക്കാട്ടുപാടം, സുരേഷ് കുറുപ്പ് എന്നിവരും വിവിധ സ്കൂൾ പ്രിൻസിപ്പൽമാരായ ടി. ജി. സുധീർ, അഭിലാഷ്, മനോഹരൻ പി. കെ., ഷെറീന ദാസ്, ഡയറക്ടർ സണ്ണി ഫ്രാൻസിസ്, ഗുരുവായൂർ സ്കൂൾ എ. ഒ. സിത്താര ധനനാഥ് എന്നിവരും പങ്കെടുത്തു. സ്വാഗതസംഘം ജോയിന്റ് കൺവീനർ ബിജു എസ്. പിള്ള സ്വാഗതവും ജനറൽ കൺവീനർ കെ. പി. ശ്രീജിത്ത് നന്ദിയും പറഞ്ഞു.