ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയുടെ ഭാഗമായി വിളക്കാഘോഷങ്ങൾ തുടങ്ങി. ഇനിയുള്ള ഒരുമാസക്കാലം ക്ഷേത്രനഗരി ഉത്സവ ലഹരിയിലാവും. പാലക്കാട് പറമ്പോട്ട് അമ്മിണി അമ്മയുടെ വക ചുറ്റുവിളക്കോടെയാണ് വിളക്കാഘോഷങ്ങൾ തുടങ്ങിയത്. ദശാബ്ദങ്ങളായി വിളകാഘോഷം തുടങ്ങുന്നത് പറമ്പോട്ട് അമ്മിണി അമ്മയുടെ വിളക്കാഘോഷത്തോടെയാണ്.
രാത്രി വിളക്കെഴുന്നെള്ളിപ്പിന് കൊമ്പൻ വിഷ്ണു കോലമേറ്റി. കൊമ്പൻമാരായ പീതാംബരൻ, കണ്ണൻ എന്നിവ കൂട്ടാനകളായി
വിളക്കിന്റെ ഭാഗമായി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ സംഗീത കച്ചേരി ഭക്തജനങ്ങളുടെ മനം കവർന്നു വായ്പ്പാട്ട് ശ്രീമതി മീര ഹരി അലനല്ലൂർ, വയലിൻ ശ്രീമതി രാധിക പരമേശ്വർ ഗുരുവായൂർ, മൃദംഗം കുഴൽമന്ദം രാമകൃഷ്ണൻ, ഘടം ആലുവ ഗോപാലകൃഷ്ണൻ
വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ മേളത്തോടെയുള്ള ശീവേലി എഴുന്നള്ളിപ്പ്, രാത്രി വിശേഷാൽ ഇടയ്ക്ക വാദ്യം, നാദസ്വരം എന്നിവയോടെയുള്ള വിളക്കെഴുന്നള്ളിപ്പ്, മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ എന്നിവയുണ്ടാവും. ഏകാദശിയോടനുബന്ധിച്ചുള്ള പ്രശസ്തമായ ചെമ്പൈ സംഗീതോത്സവം എട്ടിന് തുടങ്ങും. നവംബർ 23നാണ് ഏകാദശി.