ഗുരുവായൂർ: തിരുവെങ്കിടം റെയിൽവെ അടിപ്പാതയോട് ചേർന്നുള്ള അപ്രോച്ച് റോഡിനു വേണ്ടി ഗുരുവായൂർ ദേവസ്വം വക സ്ഥലത്തിന്റെ കൈവശാവകാശം നഗരസഭയ്ക്ക് കൈമാറിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ ഹർജി നൽകിയ വ്യക്തി പ്രസ്തുത നീക്കത്തിൽ നിന്നും പിന്തിരിയണമെന്ന് റെയിൽവെ ആക്ഷൻ കൗൺസിൽ അഭ്യർത്ഥിച്ചു.
ആവശ്യമായി വരുന്ന പക്ഷം നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ കേസിൽ കക്ഷി ചേരുവാൻ ആക്ഷൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
റെയിൽവെ വികസനത്തിന്റെ ഭാഗമായി നിലവിൽ രണ്ട് ബസ് സർവീസ് ഉണ്ടായിരുന്ന റോഡ് യാതൊരു ഉപാധിയും കൂടാതെ റെയിൽവെക്ക് വിട്ടുകൊടുക്കുകയായിരുന്നു. തുടർന്ന് തിരുവെങ്കിടത്തുകാർക്ക് ഒരു റോഡ് ബദലായി നൽകിയെങ്കിലും പ്രസ്തുത റോഡിലൂടെ പുതുതായി പണി പൂർത്തിയാകുന്ന മേൽപ്പാലത്തിലെത്തിച്ചേരണമെങ്കിൽ വളരെ ബുദ്ധിമുട്ട് സഹിക്കേണ്ടിവരും.
കേരളത്തിന്റെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രം, സെന്റ് ആന്റണീസ് പള്ളി, എ.എൽ പി സ്കൂൾ തുടങ്ങി തിരുവെങ്കിടം – ഇരിങ്ങപ്പുറം ഭാഗത്തുനിന്നും വരുന്ന ഭക്ത ജനങ്ങൾക്കും നാട്ടുകാർക്കും ഏതൊരാവശ്യത്തിനും ഗുരുവായൂരിലെത്തി ചേരുവാനുള്ള ഏറ്റവും എളുപ്പമാർഗ്ഗമാണ് നിലവിലുള്ള റെയിൽവെ ഗേറ്റ് അടച്ചതു മൂലം നഷ്ടമായത്. ഇതുമൂലം തിരുവെങ്കിടം പ്രദേശം ഗുരുവായൂരിൽ നിന്നും തീർത്തും മുറിച്ചുമാറ്റപ്പെട്ടു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ഏഴ് വർഷങ്ങൾക്ക് മുമ്പ് അടിപ്പാതയ്ക്കുവേണ്ടി ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റെയിൽവെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. നിരന്തരമായി നടത്തിയ പ്രക്ഷോഭ സമര പരിപാടികളുടെ ഫലമായി ഗുരുവായൂർ നഗരസഭ ചെയർമാനും എം എൽ എ. യും ഉണർന്ന് പ്രവർത്തിക്കുകയും അടിപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റെയിൽവെ മുഖാന്തിരം പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി സ്ഥലമെടുപ്പ് തുടങ്ങിയ നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തു. അടിപ്പാത നിർമ്മാണത്തിന് ഇവരെ കൂടാതെ ഇതുവരെയും സഹായകമായ നിലപാടുകൾ സ്വീകരിച്ച എം പി., കേന്ദ്രമന്ത്രിമാർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവരോടും ഉള്ള ആക്ഷൻ കൗൺസിലിന്റെ കടപ്പാട് നന്ദിയോടെ രേഖപ്പെടുത്തുന്നതായി ആക്ഷൻ കൗൺസിൽ പറഞ്ഞു.
ഗുരുവായൂർ ദേവസ്വത്തിന്റെ സ്ഥലമെടുപ്പ് തടസ്സപ്പെടുന്ന വിധത്തിൽ ഉയർന്നുവന്നിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ, ഇതിനെതിരെ തിരുവെങ്കിടം ഇരിങ്ങപ്പുറം നിവാസികളെ സംഘടിപ്പിച്ചു കൊണ്ട് ശക്തമായ പ്രക്ഷോഭ സമരങ്ങൾക്ക് ആക്ഷൻ കൗൺസിൽ തുടക്കം കുറിക്കുകയാണ്. ഒക്ടോബർ മാസം 19 -ാം തിയ്യതി വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് തിരുവെങ്കിടം സെന്ററിൽ നാട്ടുകാരുടെ പൊതുയോഗം ചേരുന്നു. അന്നേദിവസം വൈകിട്ട് 6 മണിക്ക് നിർദ്ദിഷ്ട അടിപ്പാതയുടെ സ്ഥാനത്ത് സന്ധ്യാദീപം കൊളുത്തി അന്ധകാര ശക്തികൾക്ക് വെളിച്ചം നൽകണമെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള പ്രതീകാത്മക സമരം നടത്തുന്നു. തുടർന്നുള്ള ദിവസങ്ങളിൽ തിരുവെങ്കിടം ഇരിങ്ങപ്പുറം പ്രദേശങ്ങളിൽ പത്തോളം സെന്ററുകളിൽ വിശദീകരണ യോഗങ്ങൾ നടത്തുന്നു. ഇപ്പോൾ സംജാതമായിട്ടുള്ള സംഭവവികാസത്തിൽ ഗുരുവായൂർ നഗരസഭയും ദേവസ്വവും അടിയന്തിരമായി ഇടപെട്ട് അനുകൂലമായ നിയമനടപടികൾക്കായി പരിശ്രമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപകമായി ഒപ്പുശേഖരണം നടത്തുന്നു. തുടർന്ന് വിപുലമായ വിശദീകരണയോഗം സംഘടിപ്പിക്കുമെന്നും റെയിൽവെ ആക്ഷൻ കൗൺസിലിനുവേണ്ടി പത്ര സമ്മേളനത്തിൽ പങ്കെടുത്ത കെ ടി സഹദേവൻ, പി ഐ ലാസർ മാസ്റ്റർ, രവികുമാർ കാഞ്ഞുള്ളി, പി മുരളീധര കൈമൾ, മുരളി പൈക്കാട്ട് പ്രസിഡന്റ്, ബ്രദേഴ്സ് ക്ലബ്ബ് എന്നിവർ അഭിപ്രായപ്പെട്ടു.