ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 2023 ഒക്ടോബർ 14 മുതൽ 24 കൂടിയ ദിവസങ്ങളിൽ വിപുലമായ പരിപാടികളോടും ചടങ്ങുകളോടും കൂടി നടക്കും.
പുതിയതായി നിർമ്മിച്ച “ത്രയംബകം’ നവരാത്രിമണ്ഡപ സമുച്ചയത്തിലെ സരസ്വതി മണ്ഡപത്തിലാണ് ഇത്തവണ നവരാത്രി പൂജകളും അനുബന്ധ ചടങ്ങുകളും നടത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന നവരാത്രി നൃത്ത സംഗീതോത്സവത്തിന്റെ ഉദ്ഘാടന കർമ്മം 2023 ഒക്ടോബർ 14ന് വൈകീട്ട് 6 മണിക്ക് നടരാജ മണ്ഡപത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി നിർവ്വഹിക്കും.
പ്രശസ്ത ചുമർച്ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടിനായർ സ്മാരക പുരസ്കാരം കവിയും ആദ്ധ്യാത്മിക പ്രഭാഷകനുമായ ശ്രീ. രാധാകൃഷ്ണൻ കാക്കശ്ശേരിക്ക് മുൻ ഗവ: ചീഫ് സെക്രട്ടറി, മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസിലർ എന്നീ പദവികൾ അലങ്കരിച്ച ഗാന രചയിതാവു കൂടിയായ കെ ജയകുമാർ ഐ എ എസ് സമർപ്പിക്കും.
ട്രസ്റ്റീ ബോർഡ് മെമ്പർ പി സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി നന്ദകുമാർ മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്.
ശ്രീ മമ്മിയൂർ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിലും നൃത്ത സംഗീതോത്സവത്തിലും, പുരസ്കാര സമർപ്പണത്തിലും സഹൃദയരായ ഭക്തജനങ്ങളുടെ മഹനീയ സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന് ട്രസ്റ്റീ ബോർഡ് മെമ്പർ പി സുനിൽകുമാർ, കെ സി കെ ഇ രാജ, ഏറാൾപ്പാട് രാജ,എക്സിക്യൂട്ടീവ് ഓഫീസർ എൻ കെ ബൈജു എന്നിവർ അഭ്യർഥിച്ചു