ഗുരുവായൂർ: വിദ്യാരംഭവും , വിവിധ ദിനാചരണങ്ങളുമായി തിരുവെങ്കിടം പാനയോഗം ഒരുക്കുന്ന “നവ ജോതിസ്സ്” ദേശസ്നേഹ വന്ദനം ഒക്ടോബർ 15 ഞായറാഴ്ച കാലത്ത് 10.30 ന് ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ വെച്ച് നടക്കും.
ദേശ കൂട്ടായ്മയിൽ ഒത്ത് ചേർന്ന് ഒരുക്കുന്ന സ്നേഹ വന്ദനത്തിൽ ഗുരുവായൂരിന്റെ ഗുരുഭൂതനും, കവിയും , ആധ്യാത്മിക സാരഥിയും ഇപ്പോൾ നവതിയുടെ നിറവിൽ എത്തി നിൽക്കുന്ന” രാധാകൃഷ്ണൻ കാക്കശ്ശേരി, വർത്തമാന കാലത്തെ ഗുരുവായൂരിന്റെ മാദ്ധ്യമ രംഗത്തെ സാരഥ്യ മുഖവും, നാല്പതാണ്ടിന്റെ നിറവിലെത്തി ഇന്നും പ്രശോഭിതനായി പ്രയാണം തുടരുന്ന വ്യക്തിത്വവുമായ ജനു ഗുരുവായൂർ , ഗുരുവായൂർ ദേവസ്വം ചുവർ ചിത്രകേന്ദ്രം പ്രിൻസിപ്പിലും തന്റെ ചിത്ര കലാസർഗഭൈവം പ്രകടമാക്കി ദേശീയ തലത്തിലും സംസ്ഥാന നിരയിലും പുരസ്കാര ലബ്ദിയിൽ തിളങ്ങുന്ന പ്രതിഭാധനനായ കെ യു കൃഷ്ണകുമാർ , മിമിക്രി കലാകാരനായി അരങ്ങ് വാണ് ചലച്ചിത്രനടനായി യുവനിരയിൽ തിളങ്ങി ശ്രദ്ധേയനായ ബഹുമുഖ പ്രതിഭയായ വൈഷ്ണവ് കുഞ്ഞുണ്ണി, പാന യോഗത്തിന്റെ പ്രാണേതാവ് ഗോപി വെളിച്ചപ്പാടിന്റെ സഹോദരിയും മകളുമായി പ്രയാണങ്ങളിൽ മാർഗ്ഗ ദീപങ്ങളുമായിട്ടുള്ള മുതിർന്ന കുടുംബാംഗങ്ങൾ കൂടിയായ കാഞ്ഞുള്ളി തങ്കമ്മ, എടവന സരസ്വതിയമ്മ എന്നിവർക്കാണ് സ്നേഹാദര വന്ദനം സമർപ്പിയ്ക്കുന്നത്.
ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപോ ജ്വലനം നടത്തി തുടക്കം കുറിയ്ക്കുന്ന സ്നേഹ വന്ദന സദസ്സ് ഗുരുവായൂർ നഗരസഭ ചെയർമാൻ എ .കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി വി ചന്ദ്രമോഹൻ എക്സ് എ .എൽ എ. ഉപഹാര സമർപ്പണം നിർവഹിയ്ക്കുന്നതാണ്. പാനയോഗം പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ എടവന അദ്ധ്യക്ഷത വഹിയ്ക്കുന്ന ചടങ്ങിൽ നഗരസഭ കൗൺസിലർമാരായ കെ പി ഉദയൻ, ശോഭ ഹരിനാരായണൻ ,മാധ്യമ പ്രവർത്തകരായ വി പി ഉണ്ണികൃഷ്ണൻ, കല്ലൂർ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിയ്ക്കുന്നതുമാണ്.
വിദ്യാരംഭ പത്ത് ദിന ആരംഭ സുദിനം കൂടിയായതിനാൽ വേളയിൽ വിദ്യാർത്ഥികർക്ക് പൂജിച്ച പേനകളും, വിദ്യാലക്ഷ്മി ഫോട്ടോകളും സമ്മാനമായി നൽക്കുന്നതാണെന്ന് പാന യോഗ ഭാരവാഹികളായ ഗുരുവായൂർ ജയപ്രകാശ്. ബാലൻ വാറണാട്ട്, പ്രീത എടവന, മാധവൻ പൈക്കാട്ട്, ഷൺമുഖൻ തെച്ചിയിൽ എന്നിവർ അറിയിച്ചു.