ഗുരുവായൂർ: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയായ ‘ മേരി മാട്ടി മേരാ ദേശ് ‘ക്യാമ്പയിന്റെ ഭാഗമായി ചരിത്ര പ്രസിദ്ധമായ ഗുരുവായൂരിലെ മണ്ണ് രാജ്യതലസ്ഥാനത്തേക്ക് കൈമാറി.
ഗുരുവായൂർ ബിസിനസ്സ് ക്ലബ് അംഗങ്ങൾ ശേഖരിച്ച മണ്ണ് ഗുരുവായൂർ ക്ഷേത്രം വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ മഞ്ജുളാൽ പരിസരത്ത് വെച്ചു നടന്ന ചടങ്ങിൽ മമ്മിയൂർ സി എസ് സി വി എൽ ഇ ശൈലേഷിന് കൈമാറി.
വാർഷികാഘോഷ സമാപനത്തിന്റെ ഭാഗമായി ഇന്ത്യയുടെ എല്ലാ ഗ്രാമങ്ങളിൽ നിന്നും മണ്ണ് ശേഖരിച്ച് ഡൽഹിയിൽ എത്തിച്ച് വലിയ ഉദ്യാനം ഒരുക്കുന്നതാണ് ‘ മേരി മാട്ടി മേരാ ദേശ് ‘ പദ്ധതി.
ക്യാമ്പയിന്റെ ഭാഗമായി മുഴുവൻ വില്ലേജുകളിൽ നിന്നും മണ്ണ് ശേഖരിക്കും. ജില്ലയിൽ കോമൺ സർവീസ് സെന്ററുകൾ (CSC)യുടെ നേതൃത്വത്തിൽ ക്യാമ്പയിൻ നടത്തിയാണ് മണ്ണ് ശേഖരിക്കുന്നത്.
കേരളത്തിൽ 14 ജില്ലകളിൽ 10 ജില്ലകളിൽ CSC ആണ് നോഡൽ ഏജൻസി. മറ്റ് ജില്ലകളിൽ CISF, Finance എന്നിവരാണ് നോഡൽ ഏജൻസി.(TVM-CISF, KLM, WYD, KSD- Finance).
വില്ലേജുകളിൽ നിന്ന് ശേഖരിക്കുന്ന മണ്ണ് ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ സൂക്ഷിക്കും. ബ്ലോക്ക്തലങ്ങളിൽ നിന്ന് നെഹ്റു യുവകേന്ദ്രയുടെയും മറ്റ് ഡിപ്പാർട്മെന്റ്കളുടെയും സഹകരണത്തോടെ ശേഖരിച്ച് ജില്ലാതലത്തിലും തുടർന്ന് ഡൽഹിയിൽ എത്തിക്കും.
ഗുരുവായൂരിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ ബിസിനസ്സ് ക്ലബ് സെക്രട്ടറി ഡോ ശ്രീജിത്ത് ശ്രീനിവാസൻ പദ്ധതിയെ കുറിച്ച് പരിചയപ്പെടുത്തി. അംഗങ്ങളായ മോഹൻദാസ്, ഉണ്ണികൃഷ്ണൻ കെ ആർ, ഗിരീഷ് വി വി, പ്രദീപ്‌കുമാർ, ശിവകുമാർ, സൂരജ്, സുനീവ്, സതീഷ് എന്നിവർ പങ്കെടുത്തു.