ഗുരുവായൂർ: വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി നവംബർ 23 ന്. ആലോഷത്തിനായി ഗുരുപവനപുരി ഒരുങ്ങി. ഏകാദശിയോട് അനുബന്ധിച്ചുള്ള ചുറ്റുവിളക്കുകൾ ഒക്ടോബർ 25ന് ആരംഭിക്കും. 24ന് വിജയദശമിയാണ്. പിറ്റേന്ന് മുതലാണ് 29 ദിവസത്തെ ചുറ്റുവിളക്കുകൾ തുടങ്ങുന്നത്. പുരാതന കുടുംബങ്ങളും വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും വഴിപാടായിട്ടാണ് ഏകാദശി വിളക്ക് നടത്തുന്നത്.
ക്ഷേത്രത്തിൽ രാത്രി ശീവേലിക്ക് ശേഷം വിളക്കുമാടത്തിലെ എണ്ണായിരത്തോളം ചുറ്റുവിളക്കുകൾ തെളിയിച്ച് 3 ആനകളെ എഴുന്നള്ളിച്ച് ഇടയ്ക്ക് നാഗസ്വര അകമ്പടിയോടെ എഴുന്നള്ളിക്കും
ആഘോഷത്തിന്റെ ഭാഗമായി ചില ദിവസങ്ങളിൽ രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശീവേലി, മേളം, പഞ്ചവാദ്യം, തായമ്പക, മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ എന്നിവയും ഉണ്ടാകും. ചുറ്റുവിളക്കുകളിൽഎണ്ണയ്ക്ക് പകരം നറുനെയ് ഒഴിച്ച് തെളിക്കുന്ന നെയ്‌വിളക്കുകളും വിശേഷമാണ്.
25ന് പുരാതന കുടുംബമായ പാലക്കാട് അലനെല്ലൂർ ചുണ്ടയിൽ പറമ്പോട്ട് അമ്മിണിയമ്മയുടെ വകയാണ് ആദ്യവിളക്ക്. എസ്ബിഐ, കാനറബാങ്ക്, പോസ്റ്റൽ വകുപ്പ് ജീവനക്കാർ, പൊലീസ്, ചാവക്കാട് മുൻസിഫ് കോടതി, വ്യാപാരികൾ എന്നിവരുടെ വിളക്ക് ആഘോഷിക്കും, നവംബർ 22ന് ശ്രീഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റെ വകയായി ദശമി വിളക്ക് ആഘോഷിക്കും. അന്ന് ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണവും ഗജഘോഷയാത്രയും നടക്കും. ഏകാദശി ദിവസമായ നവംബർ 23ന് ഗുരുവായൂർ ദേവസ്വമാണ് വിളക്ക് നടത്തുന്നത്.
ഏകാദശിയോട് അനുബന്ധിച്ച് 15 ദിവസത്തെ ചെമ്പൈ സംഗീതോത്സവം നവംബർ 8ന് ആരംഭിക്കും