കൊച്ചിയിൽ ശക്തമായ മഴ. ഇടപ്പള്ളി ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ന് പുലർച്ചെ മുതൽ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. റോഡിലെ വെള്ളക്കെട്ട് മൂലം കാൽനട യാത്രക്കാരെല്ലാം ദുരിതത്തിലായി.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. എന്നാൽ പാലക്കയത്ത് നിന്ന് ആശ്വാസ വാർത്തയാണ് പുറത്ത് വരുന്നത്. പാലക്കയത്ത് ഇന്നലെ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിഞ്ഞു. ഇന്നലെ ശക്തമായ മഴയെതുടർന്ന് ഉരുൾപൊട്ടിയ പാലക്കയത്ത് മഴ കുറഞ്ഞു നിൽക്കുകയാണ്. റോഡുകളിൽ നിന്ന് വെളളം പൂർണ്ണമായി ഇറങ്ങി.
അതേസമയം, സംസ്ഥാനത്ത് മഴ തുടരും. മലയോര മേഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത നിർദ്ദേശം നൽകി.ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. എന്നാൽ ജില്ലകളിൽ പ്രത്യേക മഴമുന്നറിയിപ്പുകൾ നൽകിയിട്ടില്ല.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസ്സമില്ല.
സെപ്റ്റംബർ ഇരുപത്തിയഞ്ചോടെ പടിഞ്ഞാറൻ രാജസ്ഥാനിൽ നിന്ന് കാലവർഷത്തിന്റെ പിൻവാങ്ങൽ ആരംഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽപടിഞ്ഞാറൻ ജാർഖണ്ഡിനും തെക്കൻ തമിഴ്‌നാടിനു മുകളിലും സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴികളുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത.