ന്യൂഡല്‍ഹി: 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയില്‍ ജനാധിപത്യവുമായി ബന്ധപ്പെട്ടുള്ള എല്ലാം മാറിയിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇപ്പോള്‍ ജനസംഖ്യയുടെ വലിയൊരു ഭാഗത്തെ സംസാരിക്കാന്‍ അനുവദിക്കാത്ത ദുര്‍ബലമായ ജനാധിപത്യമാണ് രാജ്യത്തുള്ളതെന്നും രാഹുല്‍ ആരോപിച്ചു. ഇന്ത്യയില്‍ ജനാധിപത്യം കടുത്ത ആക്രമണത്തിന് വിധേയമാണെങ്കിലും രാജ്യം അതിനെ പ്രതിരോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ആ പ്രതിരോധം അവസാനിക്കുമ്പോള്‍, അത് എപ്പോഴെങ്കിലും, ഇന്ത്യ ഇനി ജനാധിപത്യ രാജ്യമല്ലെന്ന് ഞാന്‍ പറയും. എങ്കിലും നമ്മുടെ ജനാധിപത്യ ഘടനയ്‌ക്കെതിരായ ആക്രമണത്തിനെതിരെ പോരാടുന്ന നിരവധി ആളുകള്‍ ഇപ്പോഴുമുണ്ട്. പോരാട്ടം അവസാനിച്ചിട്ടില്ല, നമ്മള്‍ വിജയിക്കുമെന്ന് ഞാന്‍ കരുതുന്നു’ ഈ മാസം ആദ്യം നോര്‍വേയിലെ ഓസ്ലോ സര്‍വകലാശാലയില്‍ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. അതിന്റെ വീഡിയോ പാര്‍ട്ടി കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.