ന്യൂഡല്‍ഹി: കാനഡയുടെ ഇന്ത്യയോടുള്ള നിലപാടിനെതിരെ കടുത്ത പ്രതിഷേധവുമായി രാജ്യം. ഇതോടെ, കാനഡ പൗരന്മാര്ക്ക് വിസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവച്ചു. അനിശ്ചിതകാലത്തേക്കാണ് വിസ നല്‍കുന്നത് നിര്‍ത്തിയത്. ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ വിസ നല്‍കില്ല.
ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. വിസ അപേക്ഷ പോര്‍ട്ടലായ ബി.എല്‍.എസിലൂടെയാണ് സേവനങ്ങള്‍ നിര്‍ത്തുന്ന വിവരം അറിയിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിസ സേവനങ്ങള്‍ ഉണ്ടാവില്ലെന്നാണ് വെബ്സൈറ്റില്‍ പറയുന്നത്. ഹര്‍ദീപ് സിങ് നിജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് നടപടി.
നിജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണെന്ന ഗുരുതരമായ ആരോപണം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചിരുന്നു.