കൊല്ലം: സോളാര്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കൊല്ലത്ത് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസിലേക്ക് യുഡിഎഫ് സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.
കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജി വെയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു യുഡിഎഫ് മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രതിഷേധ മാര്‍ച്ച് യുഡിഎഫ് കണ്‍വീനര്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിനു മുന്‍പുതന്നെ സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. നേതാക്കള്‍ പലതവണ ആവശ്യപ്പെട്ടിട്ടും പ്രവര്‍ത്തകര്‍ ശാന്തരായില്ല.
മാര്‍ച്ച് തടയാന്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ, പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും കല്ലെറിയുകയും ചെയ്തു. ഇതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയായിരുന്നു.