ഗുരുവായൂർ: തൃശൂർ ജില്ലയിലെ തന്നെ മികവുറ്റ പ്രഥമനിരയിലെ അയ്യപ്പൻ വിളക്കായി അറിയപ്പെടുന്ന ഗുരുവായൂർ അയ്യപ്പ ഭജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നടത്തപ്പെടുന്ന ദേശ വിളക്കിന് രൂപം നൽകി.
കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെ കാലമായി വിപുലമായ ആഘോഷ സമിതിയുടെ നേതൃത്വത്തിൽ അതി ഗംഭീരമായി കൊണ്ടാടപ്പെടാറുള്ള അയ്യപ്പൻ വിളക്ക് ഇത്തവണയും 2023 ഡിസംബർ 15ന് തിരുവെങ്കിടാചലപതി ക്ഷേത്ര സന്നിധിയിൽ പ്രൗഢ ശേഷ്ഠമായി തന്നെ നടത്തുന്നതിനായി യോഗത്തിൽ തീരുമാനിച്ചു.
ഗുരുവായൂർഏകാദശിയോടനുബന്ധിച്ച് അയ്യപ്പ ഭജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുപവനപുരിയാകെ ദീപ പ്രകാശന നിറവിൽ സമൃദ്ധമായി ഒരുക്കുന്ന “ലക്ഷദീപം” വിളക്ക് 2023 നവംബർ ഒന്നിന് അതെ പ്രാധാന്യത്തിൽ നടത്തുന്നതിനും യോഗം തീരുമാനിച്ചു.
അയ്യപ്പ ഭജന സംഘം ഓഫീസിൽ സെക്രട്ടറി പാനൂർ ദിവാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗുരുവായൂർ ദേവസ്വം മുൻ ഡെപ്യൂട്ടി അഡ്മിനേസ്ട്രർ കെ പി കരുണാകരൻ ഉദ്ഘാടനം ചെയ്തു. ഗുരുസ്വാമിയും ആചാര്യനുമായ രാമകൃഷ്ണൻ ഇളയത് വിളക്കുകളുടെ വിശേഷം വിവരിച്ചു. ചന്ദ്രൻ ചങ്കത്ത്, ബാലൻ വാറണാട്ട്, മോഹന ചിത്ര, ദിനേഷ് കോഴികുളങ്ങര, പി ഹരി നാരായണൻ. ശശിധരൻ അകമ്പടി എന്നിവർ പ്രസംഗിച്ചു.